യെമനില്‍ ഹൂതി വിമതര്‍ തടവിലാക്കിയ മേപ്പയ്യൂർ സ്വദേശിയുൾപ്പെടെ കപ്പലിലെ മൂന്നു മലയാളികള്‍ മോചിതരായി


മേപ്പയ്യൂർ: യെമനില്‍ ഹൂതി വിമതര്‍ തടവിലാക്കിയ മേപ്പയ്യൂർ സ്വദേശിയുൾപ്പെടെ കപ്പലിലെ മൂന്നു മലയാളികള്‍ മോചിതരായി. മേപ്പയ്യൂര്‍ സ്വദേശി ദിപാഷിന്‍റെ വീട്ടുകാര്‍ക്കാണ് ഇതുസംബന്ധിച്ച്‌ അറിയിപ്പ് ലഭിച്ചത്. ഇവർ ഉടൻ നാട്ടിലെത്തും. ദിപാഷിനോടൊപ്പം ആലപ്പുഴ സ്വദേശി അഖിൽ , കോട്ടയം സ്വദേശി ശ്രീജിത്ത് എന്നിവരെയാണ് ഹൂതികൾ വിട്ടയച്ചത്.

കഴിഞ്ഞ ജനുവരിയിലാണ് ഇവരെ ബന്ദികളാക്കിയത്. റവാബി എന്ന ചരക്ക് കപ്പലാണ് ഹൂതി വിമതര്‍ റാഞ്ചിയത്. യെമന്‍ തീരത്ത് നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള തുറമുഖ നഗരമായ ഹൊദൈദയ്ക്ക് സമീപമാണ് കപ്പല്‍ റാഞ്ചിയത്.

അബുദാബിയിലെ ലിബാ മറ്റൈന്‍ സര്‍വ്വീസിന്റെ ഉടമസ്ഥതയിലുളളതാണ് കപ്പല്‍. ബന്ധിയാക്കിയവരുടെ മൊബൈല്‍ ഫോണും മറ്റ് യാത്രാ രേഖകളുമെല്ലാം ഹൂദി വിമതര്‍ പിടിച്ചെടുത്തിരുന്നു. അതിനാല്‍ കപ്പല്‍ കമ്പനിയുമായോ, ബന്ധുക്കളുമായോ സംസാരിക്കാന്‍ പോലും ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇടയ്ക്ക് തീവ്രവാദികള്‍ നല്‍കുന്ന ഫോണില്‍ നിന്ന് വീട്ടിലേക്ക് സന്ദേശമയക്കുമ്പോഴാണ് ഇവരുടെ ദയനീയാവസ്ഥ ബന്ധുക്കള്‍ മനസ്സിലാക്കിയത്.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ യെമനിലെ സൊകോത്ര ദ്വീപില്‍ നിന്ന് സൗദിയുടെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ജസാനിലേക്ക് സൗദി ഫീല്‍ഡ് ഹോസ്പിറ്റല്‍ മാറ്റുന്നതിന്റെ ഭാഗമായി ആശുപത്രി സാമഗ്രികളുമായി പോവുകയായിരുന്നു കപ്പല്‍. കപ്പലില്‍ ആംബുലന്‍സുകള്‍, മെഡിക്കല്‍ കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍, മൊബൈല്‍ അടുക്കളകള്‍, അലക്കുശാലകള്‍, സാങ്കേതിക, സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയവയുണ്ടെന്ന് സൗദി സര്‍ക്കാരിന്റെ വക്താവ് അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.