മഴയുടെ തോത് വര്‍ധിക്കുന്നതിനനുസരിച്ച് ഓരോ വീടുകളിലും അലര്‍ട്ട്; സ്‌കൂള്‍ ഇന്നൊവേഷന്‍ മാരത്തോണില്‍ ദേശീയതലത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട് കാരയാട് യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ പ്രൊജക്ട്
അരിക്കുളം: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ നൂതനമായ ആശയങ്ങളും പദ്ധതികളും അവതരിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്‌കൂള്‍ ഇന്നൊവേഷന്‍ മാരത്തോണിന്റെ (എസ്‌ഐഎം) ദേശീയ തലത്തിലേയ്ക്ക് കാരയാട് യൂപി സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടു.
സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥികളായ ലെസിന്‍ ബിന്‍ ഷംസുദ്ദീനും അഭിമന്യുവുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തെ യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡ്‌റി സ്‌കൂളില്‍നിന്ന് വന്ന 1,04,000 ഐഡിയയില്‍ നിന്ന് 1540 സ്‌കൂളുകളാണ് തെരഞ്ഞെടുക്കപ്പെട്ടത്.
തിരഞ്ഞെടുക്കപ്പെട്ട ഇരുവരും ആദ്യഘട്ടമായി പഞ്ചാബ് ഗുരുകാശി യൂണിവേഴ്‌സിറ്റി കേന്ദ്രമാക്കി ഫെബ്രുവരി 18 ന് നടത്തിയ ഓണ്‍ലൈന്‍ പ്രോജക്ട് അവതരണത്തില്‍ പങ്കെടുത്തു. (ഹെവി റയിന്‍ ഫാള്‍ അലെര്‍ട്ടര്‍) പദ്ധതിയായിരുന്നു വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചത്. അതായത് മഴ കൂടുതല്‍ പെയ്യുന്ന പ്രദേശങ്ങളിലെ വീടുകളില്‍ മഴയുടെ അളവ് വര്‍ധിക്കുന്നത് അലര്‍ട്ട് നല്‍കുന്നു. ഓരോ വീടുകളിലും ഇത് സംബന്ധിച്ച് ഘട്ടം ഘട്ടമായി അലര്‍ട്ട് നല്‍കുന്നതാണ് കുട്ടികളുടെ പ്രൊജക്ട്.
മഴയുടെ തോത് വര്‍ധിച്ച് അപകടകരമാംവിധം ഉരുള്‍പൊട്ടല്‍ പോലെയുള്ള ദുരന്തങ്ങള്‍ ഉണ്ടാവുന്നതിന് മുന്നേ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. പ്രൊജക്ട് അവതരണത്തില്‍ സ്‌കൂള്‍ അധ്യാപകനായ ജഗത് കൃഷ്ണനും പങ്കെടുത്തു. മുന്‍പ് സ്‌കൂള്‍ ശാസ്ത്രമേളയില്‍ ലെസിന്‍ ബിന്‍ ഷംസുദ്ദീനും അഭിമന്യുവും അവതരിപ്പിച്ച പ്രൊജക്ട് ആയിരുന്നു ഇത്.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം ഉള്‍പ്പെടെയുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ഏറെ ഉപകാര പ്രദമായ ഒരു പ്രൊജക്ട് ആണിതെന്ന് സ്‌കൂള്‍ അധികൃതര്‍ അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്ന് ബി. ആര്‍.സിയില്‍ നിന്നും സ്‌കൂള്‍ ഇന്നൊവേഷന്‍ മാരത്തോണിനെക്കുറിച്ച് അറിയുംകയും ഇരുവരുടെയും പ്രൊജക്ടായ (ഹെവി റയിന്‍ ഫാള്‍ അലെര്‍ട്ടര്‍) അയയ്ച്ചു നല്‍കുകയുമായിരുന്നെന്ന് മെന്റര്‍ ജഗത് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ഇതുവരെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ 23 സ്‌കൂളുകളും കോഴിക്കോട് ജില്ലയില്‍ നിന്നാണ്. അടുത്ത ഘട്ടത്തിലേയ്ക്കായി 200 പേരെയാണ് അതുവരെ തിരഞ്ഞെടുത്തതില്‍ നിന്നും സെലക്ട് ചെയ്യുക. പഠിത്തത്തില്‍ മിടുക്കരായ വിദ്യാര്‍ത്ഥികളാണ് ലെസിന്‍ ബിന്‍ ഷംസുദ്ദീനും അഭിമന്യുവും. ദേശീയ തലത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ അഭിമാനത്തിലാണ് കാരയാട് യു.പി സ്‌കൂളിലെ അധ്യാപകര്‍. കാരയാട് സ്വദേശികളായ ഷംസുദ്ദീന്‍ സുഹറ ദമ്പതികളുടെ മകനാണ് ലെസിന്‍ ബിന്‍ ഷംസുദ്ദീന്‍. ശശി നിഖിത ദമ്പതികളുടെ മകനാണ് അഭിമന്യു.
Summary:Two students from Karayad UP School have been selected for the national level of the School Innovation Marathon (SIM), a central government scheme to showcase innovative ideas and projects by school students.