മാഹിയിൽ നിന്ന് അനധികൃതമായി കൊണ്ടുവന്ന 104 കുപ്പി മദ്യവുമായി ഇരിങ്ങൽ സ്വദേശി കൊയിലാണ്ടി എക്സൈസിന്റെ പിടിയിൽ


പയ്യോളി: വിൽപ്പനയ്ക്കായി മാഹിയിൽ നിന്ന് അനധികൃതമായി കൊണ്ടുവന്ന 104 കുപ്പി മദ്യവുമായി ഇരിങ്ങൽ സ്വദേശി പിടിയിൽ. കോട്ടക്കൽ താരേമ്മൽ ബാബു എന്നയാളെയാണ് കൊയിലാണ്ടി എക്സൈസ് റെയിഞ്ച് സംഘം പിടികൂടിയത്.

സ്കൂട്ടറിലാണ് ഇയാൾ മദ്യം കടത്തി കൊണ്ടു വന്നത്. നിരവധി അബ്കാരി കേസുകളിൽ ഉൾപ്പെട്ട ഇയാൾ ജാമ്യത്തിൽ ഇറങ്ങിയ ശേഷം വിവാഹ വീടുകളിലേക്കും മറ്റും വൻതോതിൽ മാഹി വിദേശമദ്യം എത്തിച്ചു കൊടുക്കുന്നതായി രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ റിമേഷ്.കെ.എന്നും സംഘവും ഇന്നലെ രാത്രിയാണ് ബാബുവിനെ പിടികൂടിയത്. മദ്യം കടത്താനുപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തു. പ്രിവൻ്റീവ് ഓഫീസർ അജയകുമാർ.എൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സോനേഷ് കുമാർ, വിചിത്രൻ, ഷൈജു എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. പയ്യോളി കോടതിയിൽ ഹാജരാക്കിയ ബാബുവിനെ റിമാൻ്റ് ചെയ്തു.