കൃഷിയില്‍ പുതുമ തേടി മാരിഗോള്‍ഡ് കൃഷിക്കൂട്ടം; ഇത്തവണ 50 സെന്റില്‍ വിളയിച്ചത് തണ്ണിമത്തന്‍, വിളവെടുപ്പില്‍ വന്‍ നേട്ടം


കൊയിലാണ്ടി: നഗരസഭ നാലാം വാര്‍ഡിലെ മാരിഗോള്‍ഡ് കൃഷിക്കൂട്ടം നട്ടുവളര്‍ത്തിയ തണ്ണിമത്തന്റെ വിളവവെടുപ്പ് നടന്നു. വിളവെടുപ്പ് നഗരസഭാ ചെയര്‍പേഴ്പണ്‍ സുധകിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ നാലാം വാര്‍ഡ് അയ്യപ്പാരി താഴെ 50 സെന്റിലാണ് ഇത്തവണയും കൃഷികള്‍ ചെയ്തത്.

തക്കാളി, പച്ചമുളക്, ചീര, വെണ്ട തുടങ്ങിയ പച്ചക്കറികളും ഈ അന്‍പത് സെന്റില്‍ തന്നെയാണ് നട്ടത്. ഇവ നേരത്തെ വിളവെടുപ്പ് നടത്തിയിരുന്നു. മാരിഗോള്‍ഡ് കൃഷിക്കൂട്ടത്തിലെ 8 അംഗങ്ങളാണ് കൃഷിയ്ക്ക് നേതൃത്വം നല്‍കിയത്. കഴിഞ്ഞ വര്‍ഷം ചെണ്ടുമല്ലി കൃഷി ചെയ്ത് വലിയ ലാഭം നേടിയിരുന്നു. ഇതോടൊപ്പം നിലക്കടല ഉള്‍പ്പെടെയുള്ള വ്യത്യസ്തങ്ങളായ പച്ചക്കറി കൃഷിയും ചെയ്തിരുന്നു.

രണ്ട് മാസം മുന്‍പാണ് തണ്ണിമത്തന്‍ കൃഷിക്കായി ഒരുക്കങ്ങള്‍ തുടങ്ങിയത്. ഇത്തവണ വ്യത്യസ്തമായ കൃഷി പരീക്ഷിക്കാമെന്ന് അന്ന് ഉണ്ടായ കൃഷി ഓഫീസര്‍ ദിവ്യ അഭിപ്രായം പ്രകടിപ്പിക്കുകയായിരുന്നു. കൃഷിഭവനില്‍ നിന്നും എത്തിച്ച വിത്തുകളാണ് കൃഷിയ്ക്കായി ഉപയോഗിച്ചത്. 50 സെന്റില്‍ ഏറെയും തണ്ണിമത്തന്‍ കൃഷിയ്്ക്കാണ് പ്രാധാന്യം നല്‍കിയത്.

ഉത്സവ സീസണായതിനാല്‍ തണ്ണിമത്തന്‍ കൃഷിയ്ക്ക് പ്രാധാന്യം നല്‍കുകയായിരുന്നു. വിളവെടുത്ത തണ്ണിമത്തനുകള്‍ ഉത്സവപറമ്പുകളില്‍ സ്റ്റാള്‍ തുടങ്ങി വില്‍ക്കാനാണ് തീരുമാനം.

വാര്‍ഡ് കൗണ്‍സിലര്‍ രമേശന്‍വലിയാട്ടില്‍ സ്വാഗതവും നഗരസഭ വികസന സ്ഥിരം സമിതി അധ്യക്ഷ കെ.എ ഇന്ദിര ടീച്ചര്‍ അധ്യക്ഷതയും വഹിച്ചു.. കൃഷി ഓഫീസര്‍ ഷംസിദ സിയാദ് മുഖ്യാതിഥിയായി. കുന്നത്ത് മൊയ്തീന്‍, ബഷീര്‍ കിഴക്കെ വീട്ടില്‍, ബിന്ദു കയനകണ്ടം കുനി, പുഷ്പ അയ്യപ്പാരി ,അജിത എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ലിനീഷ് എം.കെ നന്ദിയും പറഞ്ഞു.