ഇന്നലെ കുറ്റി എറിഞ്ഞുവീഴ്ത്തി, ഇന്ന് ബോള് പറന്നുപിടിച്ചു; രഞ്ജി ട്രോഫിയില്‍ ഫീല്‍ഡിങ്ങില്‍ തിളങ്ങി രോഹന്‍ എസ്. കുന്നുമ്മല്‍


കൊയിലാണ്ടി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ചരിത്ര ഫൈനല്‍ കളിക്കുമ്പോള്‍ ഫീല്‍ഡിങ്ങില്‍ തിളങ്ങി കൊയിലാണ്ടിക്കാരനായ രോഹന്‍ എസ്.കുന്നുമ്മല്‍. ആദ്യ ദിനം ഭേദപ്പെട്ട സ്‌കോറില്‍ അവസാനിപ്പിച്ച വിദര്‍ഭയെ രണ്ടാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ കേരളം വരിഞ്ഞുമുറിക്കയത് രോഹന്‍ കുന്നുമ്മലിന്റെ ഫീല്‍ഡിങ് മികവിലാണ്. ജലജ് സക്‌സേനയുടെ പന്തില്‍ അക്ഷയ് കര്‍നെവാറിന്റെ ക്യാച് അവിശ്വസനീയമായി രോഹന്‍ ഒറ്റ കൈയിലൊതുക്കുകയായിരുന്നു.

ജലജിന്റെ പന്തിനെ ഓഫ് സൈഡിലേക്ക് തട്ടിയിട്ട കര്‍നെവാറിന്റെ ഷോട്ട് ഫുള്‍ ബോഡി സ്ട്രച്ചിലാണ് രോഹന്‍ ഒറ്റകൈകൊണ്ട് പിടിച്ചത്. ഇതുകൂടാതെ രഞ്ജി സീസണ്‍ നാലാം റണ്‍സ് ടോപ് സ്‌കോറര്‍ ഉടമ യാഷ് റാത്തോഡിനെ പുറത്താക്കിയതും താരത്തിന്റെ ഫീല്‍ഡിങ് മികവിലായിരുന്നു.

ഇന്നലെ ഡാനിഷ് മാലേവാറിനൊപ്പം ഇന്നിങ്സ് കെട്ടിപ്പടുത്ത മലയാളി താരം കരുണ്‍ നായരെ പുറത്താക്കിയതിലും രോഹന്‍ കുന്നുമ്മലിന്റെ ഫീല്‍ഡിങ് മികവുകാണാം. മത്സരത്തിന്റെ 82-ാം ഓവറില്‍ ഏദന്‍ ആപ്പില്‍ ടോം എറിഞ്ഞ പന്ത് ഓഫ്‌സൈഡിന് പുറത്ത് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അഹ്‌സറുദ്ദീന്റെ കൈയ്യില്‍ നിന്ന് ചോര്‍ന്നു. സ്ലിപ്പിലേക്ക് പന്ത് നീങ്ങിയപ്പോള്‍ ക്രീസ് വിട്ട് ഓടിയ കരുണിനെ പന്ത് കൈയ്യിലെടുത്ത രോഹന്‍ കുന്നുന്മലിന്റെ ഡയറക്ട് ത്രോയിലൂടെ റണ്‍ ഔട്ടാക്കുകയായിരുന്നു.

അതേസമയം, ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ്ങില്‍ രോഹന് തിളങ്ങാനായില്ല. രണ്ടാംദിനം ചായയ്ക്ക് പിരിയുമ്പോള്‍ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 57 എന്ന നിലയിലാണ്. റണ്‍ ഒന്നും എടുക്കാതെയാണ് രോഹന്‍ പുറത്തായത്.

ഒന്നാം ഇന്നിങ്‌സില്‍ വിദര്‍ഭ 379 റണ്‍സിന് പുറത്തായിരുന്നു. 254-4 എന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച വിദര്‍ഭയെ പേസര്‍മാര്‍ എറിഞ്ഞുവീഴ്ത്തുകയായിരുന്നു. 153 റണ്‍സെടുത്ത ഡാനിഷ് മലേവാറാണ് വിദര്‍ഭയുടെ ടോപ് സ്‌കോറര്‍.

Summary: Rohan S. Kunnummal’s hand, who lined up Vidarbha on the second day