ഈ വീട്ടിലെ ടെറസില്‍ പച്ചക്കറിയും പഴങ്ങളുമെല്ലാം വിളയും; ടെറസില്‍ വലിയൊരു തോട്ടം തന്നെയുണ്ടാക്കി ചെങ്ങോട്ടുകാവിലെ കര്‍ഷക ദമ്പതികള്‍


ചെങ്ങോട്ടുകാവ്: വീട്ടിലെ ടെറസിലെ പരിമിതമായ സ്ഥലത്ത് പച്ചക്കറികളും ഫലങ്ങളും ഔഷധസസ്യങ്ങളും വിളയിച്ച് ചെങ്ങോട്ടുകാവിലെ ദമ്പതികള്‍. നാറാണത്ത് ബാലകൃഷ്ണനും ഭാര്യ ലതികയുമാണ് വീടിന്റെ രണ്ടാംനിലയ്ക്ക് മുകളില്‍ വലിയോരു തോട്ടം തന്നെ സൃഷ്ടിച്ചത്. പലരും പടികയറാനും അധ്വാനിക്കാനുമൊക്കെ മടികാട്ടുന്ന വാര്‍ധക്യ സമയത്താണ് ലതികയും ബാലകൃഷ്ണനും ടെറസിലെ കൃഷിയ്ക്കുവേണ്ടി മുന്നിട്ടിറങ്ങിയത്.

ചേന, ചീര, വെള്ളരി, തക്കാളി, കാരറ്റ്, പച്ചമുളക് തുടങ്ങി ഒരുവിധം പച്ചക്കറികളെല്ലാം തന്നെ ഈ ടെറസില്‍ വിളയിക്കുന്നുണ്ടെന്ന് ദമ്പതികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. വെയിലാകും മുമ്പ് രാവിലെ തന്നെ തുടങ്ങും കൃഷി പരിപാലനം. രണ്ടാം നിലയ്ക്ക് മുകളിലായതിനാല്‍ കയറാന്‍ അല്പം ബുദ്ധിമുട്ടുണ്ടെങ്കിലും പതിവ് തെറ്റിക്കാറില്ല. മുകളിലുള്ള ടാങ്കില്‍ നിന്നും വെള്ളം അല്പാല്പമായി എടുത്ത് ഒഴിക്കുകയാണ് ചെയ്യുന്നത്. പരമാവധി ടെറസ് നനയുന്നത് ഒഴിവാക്കാനാണിത്. എഴുന്നൂറോളം ചാക്കുകളിലാണ് ഈ വിളകളെല്ലാം കൃഷി ചെയ്തിരിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

ആദ്യമാദ്യം വീട്ടിലെ ആവശ്യത്തിനായാണ് കൃഷി ചെയ്തത്. പിന്നീട് അതിനോട് താല്‍പര്യം കൂടുകയും കൃഷി വ്യാപിപ്പിക്കുകയും ചെയ്തു. ഇന്ന് ചീരയും ചേനയും വഴുതിനയും പച്ചക്കറിയുമെല്ലാം ഇവര്‍ പുറത്തേക്ക് വില്‍ക്കാറുണ്ട്. പുതിയ പുതിയ ഇനങ്ങള്‍ കൃഷി ചെയ്ത് പരീക്ഷണത്തിനും ഇവര്‍ മടികാറിക്കാറില്ല. അടുത്തിടെ ഉള്ളി കൃഷി ചെയ്ത് വിജയം കൈവരിച്ചിരുന്നു.

ബാലകൃഷ്ണനും ലതികയും തന്നെയാണ് കൃഷി പരിപാലിക്കുന്നത്. അതിരാവിലെ തന്നെ നനയ്ക്കലും മറ്റും ചെയ്യും. വളവും മറ്റ് കാര്യങ്ങളും വൈകുന്നേരങ്ങളില്‍ ചെയ്യും. ചാണകം, ഗോമൂത്രം, പിണ്ണാക്ക് പുളിപ്പിച്ചത് ഒക്കെയാണ് പച്ചക്കറികള്‍ക്കും മറ്റും വളമായി ഉപയോഗിക്കുന്നത്. പ്രായത്തിന്റേതായ ബുദ്ധിമുട്ടുകളുണ്ടെങ്കിലും കൃഷി പരിപാലിക്കുന്നതിന് അതൊന്നും തടസമാകാറില്ല. പറ്റാവുന്നത്ര കാലം കൂടുതല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്തി കൃഷി മുന്നോട്ടുകൊണ്ടുപോകുവാനാണ് ഈ ദമ്പതികളുടെ ആഗ്രഹം.