ആന എഴുന്നള്ളിപ്പിനും വെടിക്കെട്ടിനും കനത്ത ജാഗ്രതയും നിയന്ത്രണവും വേണം; കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് ഒരുക്കങ്ങള്‍ തുടങ്ങി


കൊയിലാണ്ടി: മലബാറിലെ പ്രസിദ്ധമായ പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് പിഷാരികാവ് ദേവസ്വം ഒരുക്കങ്ങളാരംഭിച്ചു. എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം മാര്‍ച്ച് 30 ന് കൊടിയേറ്റത്തോടെ ആരംഭിക്കും. ഏപ്രില്‍ 4 ന് ചെറിയവിളക്കും, 5 ന് വലിയവിളക്കും, 6 ന് കാളിയാട്ടവുമാണ്. ഉത്സവത്തിന്റെ ഭംഗിയായ നടത്തിപ്പിനുള്ള ക്രമീകരണങ്ങളെ കുറിച്ച് ആലോചിക്കുന്നതിന് ദേവസ്വം ഗസ്റ്റ് ഹൗസ് ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വിവിധ വകുപ്പ് ഉദ്ദ്യോഗസ്ഥന്‍മാരും, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും, സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

മണക്കുളങ്ങര ക്ഷേത്ര ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആന എഴുന്നള്ളിപ്പിനും, വെടിക്കെട്ടിനും കനത്ത ജാഗ്രതയും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തണമെന്ന് യോഗം ദേവസ്വം അധികൃതരോടാവശ്യപ്പെട്ടു. യോഗത്തില്‍ ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ലാന്റ് റവന്യൂ തഹസില്‍ദാര്‍ എം. ഹരിപ്രസാദ്, കൊയിലണ്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.പി. ശ്രീലാല്‍ ചന്ദ്രശേഖരന്‍, ആരോഗ്യ വകുപ്പിലെ കെ.കെ. ചന്ദ്രിക, വാര്‍ഡ് കൗണ്‍സിലര്‍ ഫക്രുദീന്‍ മാസ്റ്റര്‍, ട്രസ്റ്റി ബോര്‍ഡ് അംഗം സി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് ടി.കെ. ചന്ദ്രന്‍ മാസ്റ്റര്‍, കെ.കെ. വൈശാഖ്, മുരളീധരന്‍ തോറോത്ത്, കെ.ചിന്നന്‍ നായര്‍, ഇ.എസ്. രാജന്‍, അസിസ്റ്റന്റ് കമ്മീഷണര്‍ കെ.കെ.പ്രമോദ് കുമാര്‍, ദേവസ്വം മാനേജര്‍ വി.പി. ഭാസ്‌കരന്‍, കെ.കെ. രാകേഷ്, ഉണ്ണികൃഷ്ണന്‍ മരളൂര്‍, ബാലന്‍ നായര്‍ പത്താലത്ത്, പി.കെ. ബാലകൃഷ്ണന്‍, സി. ലാലു, രാമദാസ് തൈക്കണ്ടി, സി.കെ. ബാബു എന്നിവര്‍ സംസാരിച്ചു.

ഉത്സവുമായി ബന്ധപ്പെട്ട് ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍ കണ്‍വീനര്‍മാരായി 15 സബ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കി.