ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും; ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കാം


വേനൽക്കാലത്ത് ജലജന്യ രോഗങ്ങൾ പടരാൻ സാധ്യത ഏറെയാണ്. അതിനാല്‍ വയറിളക്കം, കോളറ, ഹെപ്പറ്റൈറ്റിസ്, ടൈഫോയിഡ്, ഷിഗല്ല തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാൻ സുരക്ഷിതമായ ആരോഗ്യ ശീലങ്ങൾ പാലിക്കേണ്ടതുണ്ട്‌. ഇത്തരം അസുഖങ്ങളുടെ ലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ നിന്ന് ചികിത്സ തേടണ്ടതാണ്‌.

പ്രതിരോധ മാർഗ്ഗങ്ങൾ

*വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിലൂടെ വയറിളക്കരോഗങ്ങൾ തടയാൻ കഴിയും.

*തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം

*മത്സ്യം, കക്ക, കൊഞ്ച് തുടങ്ങിയവ നന്നായി കഴുകി പാകം ചെയ്ത് മാത്രമേ ഭക്ഷിക്കാവൂ.

*ഐസ്ക്രീമും മറ്റു പാനീയങ്ങളും പാകം ചെയ്യാത്ത മത്സ്യത്തോടൊപ്പം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല.

*ആഹാരം കഴിക്കുന്നതിനു മുൻപും ശേഷവും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം.

*ആഹാരസാധനങ്ങൾ ഈച്ച കയറാതെ അടച്ചു സൂക്ഷിക്കണം. ഹോട്ടലുകളും ആഹാരം കൈകാര്യം ചെയ്യുന്ന മറ്റു സ്ഥാപനങ്ങളും ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

*ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കിണറുകളിൽ ക്ലോറിനേഷൻ നടത്തേണ്ടതാണ്.

*കുഞ്ഞുങ്ങളെ മലവിസർജ്ജനത്തിന് ശേഷം ശുചിമുറിയിൽ മാത്രം കഴുകിക്കുക, ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകുക.

*വയറിളക്ക രോഗമുള്ള കുട്ടികൾ ഉപയോഗിച്ച ഡയപ്പറുകൾ കഴുകി, ബ്ലീച്ച് ലായനിയിൽ 10 മിനിറ്റ് മുക്കിവെച്ചതിനുശേഷം മാത്രം ആഴത്തിൽ കുഴിച്ചിടുക.