ജിന്നുകളുടെ പേരില്‍ വര്‍ഷാവര്‍ഷം നടത്തിവരുന്ന പറമ്പിന്‍കാട് മല നേര്‍ച്ച; നടുവണ്ണൂര്‍ മന്ദങ്കാവിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നേര്‍ച്ചയെക്കുറിച്ച് ഫൈസല്‍ റഹ്‌മാന്‍ പെരുവട്ടൂര്‍ എഴുതുന്നു


വിശ്വാസവും ഐതിഹ്യ കഥകളും കൊണ്ട് ചുറ്റു പിണഞ്ഞു കിടക്കുന്ന നിഗൂഢഭൂമികയാണ് ജിന്നുകളുടെ പേരില്‍ വര്‍ഷാവര്‍ഷം നടത്തി വരുന്ന പറമ്പിന്‍ കാട് മല നേര്‍ച്ച. നടുവണ്ണൂര്‍ മന്ദങ്കാവ് പ്രദേശത്തെ അന്‍പത് ഏക്കറില്‍പരം ഭൂമിയില്‍ വ്യാപിച്ചു കിടക്കുന്ന പ്രദേശമാണ് പറമ്പിന്‍കാട് മല. പ്രദേശത്തെ ഹിന്ദു മുസ്‌ലിം ഐക്യത്തിന്റെ ഉത്തമ ഉദാഹരണമാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ നേര്‍ച്ച.

ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന മൗലിദ് പാരായണ സദസിന്റെ അവസാന ദിവസമാണ് പറമ്പിന്‍കാട് മല കയറുന്നത്. പണ്ട് കാലങ്ങളില്‍ കുംഭത്തിലെ നെല്ല് കൊയ്ത് കിട്ടുന്ന നെല്ല് കുത്തി അരിയാക്കി പത്തിരി ചുട്ട്, നേര്‍ച്ചപത്തിരിയും ചന്ദനതിരിയുമായി ജാതി മത ഭേദമന്യേ വൈകുന്നേരം മല കയറും. ജിന്നുകളുടെ കാല്‍പ്പാദമെന്നു അവര്‍ വിശ്വസിച്ചു പോരുന്ന പാറയില്‍ ചന്ദനതിരി കുത്തി ആഗ്രഹ സഫലീകരണത്തിനായി പ്രാര്‍ത്ഥിക്കും.

ആട്, കോഴി, പശു തുടങ്ങി, നെല്ല്, കുരുമുളക്, തേങ്ങ എന്ന് വെണ്ട ഒരു മനുഷ്യന്റെ നിത്യോപയോഗ വസ്തു വകകളെല്ലാം നേര്‍ച്ച മുതലായി മല കയറിവരും. നേര്‍ച്ച നടത്താനുള്ള ചെലവ് ഈ നേര്‍ച്ചമുതല്‍ ലേലം ചെയ്തുകൊണ്ടാണ് സമാഹരിക്കുന്നത്.

വൈകുന്നേരം അഞ്ചു മണിക്ക് ശേഷം മലയില്‍ പ്രവേശിക്കുന്നവരെ അജ്ഞാതശക്തി നേരം വെളുക്കുന്നത് വരെ പുറത്ത് നിര്‍ത്തിയതിന്റെ അനുഭവ കഥകള്‍ പ്രദേശവാസികള്‍ പറയാറുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നേര്‍ച്ചയുടെ പിറ്റേ ദിവസം വഴി തെറ്റി കയറി വന്ന മലഞ്ചരക്ക് വ്യാപാരി ജനനിബിഡമായ തെരുവില്‍ കയ്യിലുള്ള വലിയ സംഖ്യയുമായി തിരിച്ചു പോകാന്‍ കഴിയാതെ രാപ്പാര്‍ക്കാന്‍ സ്ഥലം തേടിയപ്പോള്‍ കൂട്ടത്തിലെ ഒരാള്‍ ഉറങ്ങാനുള്ള സ്ഥലം കാണിച്ചു കൊടുക്കുകയും കയ്യിലുള്ള പണമടങ്ങിയ ബാഗ് ഭദ്രമായി സൂക്ഷിക്കുകയും ചെയ്തു. പിറ്റേദിവസം രാവിലെ താന്‍ വിജനമായ കാട്ടിലാണ് കിടക്കുന്നത് എന്നദ്ദേഹം മനസിലാക്കി. കയ്യിലെ പണം നഷ്ട്ടപ്പെട്ട അയാള്‍ സ്ഥലത്തെ പ്രധാന സൂഫിയെ കണ്ടു ആവലാതി ബോധിപ്പിച്ചപ്പോള്‍ വരുന്ന കൊല്ലത്തെ നേര്‍ച്ചയുടെ പിറ്റേ ദിവസം മല കയറി അന്ന് കണ്ട വ്യക്തിയോട് ഇന്നലെ താന്‍ ഏല്‍പ്പിച്ച പണം തിരിച്ചു തരാന്‍ ആവശ്യപ്പെടാനും സൂഫി നിര്‍ദ്ദേശിച്ചു.
പറഞ്ഞത് പോലെ തന്നെ ജന നിബിഡമായ തെരുവില്‍ വച്ചു അപരിചിതനായ ആ വ്യക്തി പണടങ്ങിയ ബാഗ് തിരിച്ചേല്‍പ്പിക്കുകയും ചെയ്തുവെന്നുമാണ് കഥകള്‍.

കാലങ്ങള്‍ ഒരുപാട് മുന്നോട്ട് പോയെങ്കിലും വെള്ളോലിപ്പ് ചാല്‍ (വെള്ളമൊലിപ്പ് ചാല്‍) മലയിലെ പറമ്പിന്‍കാട് നേര്‍ച്ച കാലാന്തരികമായ മാറ്റങ്ങള്‍ക്കനുസരിച്ച് ഇന്നും നടത്തിപ്പോരുന്നു. ചുറ്റുമുള്ള സ്ഥലങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടു പോയെങ്കിലും പാറ നിലനില്‍ക്കുന്ന അഞ്ചു സെന്റ് ഭൂമി ഇന്നും നേര്‍ച്ച വക ഭൂമിയായി നില നില്‍ക്കുന്നു.

നേര്‍ച്ചനടത്താന്‍ വൈകുന്ന വര്‍ഷങ്ങളില്‍ ഹിന്ദു മത വിശ്വാസിയായ സമീപവീട്ടുകാര്‍ നേര്‍ച്ച നടത്തണമെന്ന ആവലാതിയുമായി നാട്ടുകാര്‍ അംഗങ്ങളായ കമ്മറ്റിക്കാരെ സമീപിക്കുക പതിവാണ്. പരിപാടി ദിവസം ഭക്ഷണം പാകം ചെയ്യുന്നതിലും വിളമ്പികൊടുക്കുന്നതിനുമായി എത്തുന്ന വൃദ്ധരും ചെറുപ്പക്കാരും കുട്ടികളുമടക്കം നൂറില്‍ പരം തദ്ദേശവാസികള്‍ മനംകുളിര്‍പ്പിക്കുന്ന കാഴ്ചയാണ്.

ഏതാണ്ട് മൂന്ന് ക്വിന്റെല്‍ പോത്തിറച്ചിയും ഒന്നര ക്വിന്റല്‍ പത്തിരിയും നേര്‍ച്ചയ്ക്കായി പാകംചെയ്യും. ദേശക്കാരും പരദേശക്കാരുമായുള്ള ജനങ്ങളാണ് ഈ പത്തിരിയാകെയും എത്തിക്കുന്നത്. അസഹിഷ്ണുതയുടെ വര്‍ത്തമാന കാലഘട്ടത്തില്‍ വിശ്വാസങ്ങളുടെ ചെപ്പ് കുടം കൊണ്ട് പൊതിഞ്ഞു സംരക്ഷിച്ചു പോരുന്ന ഇത്തരം കൂട്ടായ്മകള്‍ പുതു തലമുറയ്ക്ക് കൂടിയുള്ള പ്രതീക്ഷയുടെ നീര്‍ചാലുകളാണ്.

Description: Faisal Rahman Peruvattur writes on the centuries-old vow at Mandankav, Naduvannur