ഉത്സവലഹരിയില്‍ നാട്; മാരാമുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് തുടക്കമായി
കൊയിലാണ്ടി: മാരാമുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് തുടക്കമായി. കേളപ്പജി ട്രസ്റ്റിലെ ഭക്തജനങ്ങൾ അവതരിപ്പിച്ച നാരായണീയ പാരായണത്തോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ശേഷം ഉച്ചയ്ക്ക് പ്രസാദ ഊട്ട് നടന്നു. വൈകുന്നേരം സഞ്ജയ് ഷാജി, ജനിൽ കൃഷ്ണ എന്നിവരുടെ ഡബിൾ തായമ്പക അരങ്ങേറും.
രണ്ടാം ദിവസമായ നാളെ പുലർച്ചെ അഞ്ചുമണിക്ക് ക്ഷേത്രം തന്ത്രി പാലക്കാട് ഇല്ലത്ത് ശിവപ്രസാദ് നമ്പൂതിരിയുടെ കാർമികത്വത്തിൽ മഹാഗണപതിഹോമം ഉണ്ടാകും. തുടര്‍ന്ന് ശ്രീനിവാസൻ എം.സി അനുഗ്രഹയുടെ പാവന സ്മരണയ്ക്ക് മകൻ സിത്തു രാജ് സമർപ്പിക്കുന്ന വഴിപാട് കൗണ്ടറിന്റെയും, സീന കൊല്ലന്റെ വളപ്പിൽ ഹൂറി ബ്യൂട്ടിപാർലർ കൊയിലാണ്ടി സമർപ്പിച്ച കവാടത്തിന്റെയും സമർപ്പണം ഉണ്ടാകും. രാത്രി 7.30ന് സമൂഹ സർപ്പബലി, തുടര്‍ന്ന് 8മണിക്ക് പഴയ പാട്ടുകൾ കോർത്തിണക്കി കോഴിക്കോട് ശ്രീ പാർത്ഥസാരഥി ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ‘ഹൃദയരാഗം’ അരങ്ങേറും.
ശിവരാത്രി ദിവസം(26/2/2025) രാവിലെ എട്ടുമണിക്ക് ശീവേലി, നാലുമണിക്ക് നിലക്കലി, അഞ്ചുമണി ശീവേലി, 6.30ന് ബാലികമാരുടെ ഭജനയും ദീപാരാധനയും, ഏഴുമണിക്ക് പ്രശസ്ത സോപാനസംഗീത കലാകാരനും സോപാനം ബഹറിന്റെ ഡയറക്ടർ മായ ശ്രീ സന്തോഷ് കൈലാസ് സുനിൽ വടകരയും ചേർന്ന് അവതരിപ്പിക്കുന്ന സോപാനസംഗീതം എന്നിവയുണ്ടാകും.
രാത്രി എട്ടുമണിക്ക് പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന നൃത്തനിർത്യങ്ങൾ, രാത്രി 12 മണിക്ക് മേള കലാരത്നം സന്തോഷ്, കൈലാസ് കാഞ്ഞിലശ്ശേരി, അരവിന്ദൻ മാരാമുറ്റം, ബാബു ശ്രീജിത്ത് മാരാമുറ്റം, കൊരയങ്ങാട് ഷാജു, ശ്രീകേഷ് കൊരയങ്ങാട് എന്നിവരുടെ നേതൃത്വത്തിൽ എഴുപത്തിയഞ്ചില്‍ പരം വാദ്യ കലാകാരന്മാർ അവതരിപ്പിക്കുന്ന പാണ്ടിമേളത്തോട് കൂടിയുള്ള ഭഗവാന്റെ തിടമ്പ് എഴുന്നള്ളത്ത് നടക്കും. ക്ഷേത്രം സെക്രട്ടറി മനോജ് എം.സി, പ്രസിഡണ്ട് അനിൽകുമാർ കെ.വി, ജോയിന്റ് സെക്രട്ടറി മണികണ്ഠൻ സി.പി ട്രഷറർ ശ്രീജിത്ത് മാരാമുറ്റം, വൈസ് പ്രസിഡണ്ട് ജയൻ കെ.വി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Description: the Shivaratri Mahotsav at the Maramuttam Teru Sri Mahaganapati Temple has begun