ആശാന്റെയും ശിഷ്യന്റെയും നിശ്ചയദാര്‍ഢ്യത്തിന് മുമ്പില്‍ ശാരീരിക പരിമിതികള്‍ തോറ്റുമടങ്ങി; പഞ്ചാരിമേളത്തില്‍ ഏവരേയും അത്ഭുതപ്പെടുത്തി ഭിന്നശേഷിക്കാരാനായ അശോകന്‍- വീഡിയോ


ചേമഞ്ചേരി: ചെണ്ടകൊട്ട് പഠിക്കാന്‍ ആദ്യം വേണ്ടത് ആരോഗ്യത്തോടെയുള്ള രണ്ട് കൈകളാണ്. കൊട്ട് പഠിക്കണമെന്ന ആഗ്രഹം മനസിലുണ്ടായിരുന്നപ്പോഴും കാഞ്ഞിലശ്ശേരി സ്വദേശി കെ.കെ.അശോകന് തടസമായി മനസില്‍ തോന്നിയതും കൈകള്‍ക്കുണ്ടായിരുന്ന പരിമിതികളായിരുന്നു. ഏറെനാള്‍ മനസില്‍ കൊണ്ടുനടന്ന ആഗ്രഹവുമായി ഒടുവില്‍ അയല്‍വാസി കൂടിയായ കാഞ്ഞിലശ്ശേരി പത്മനാഭന്‍ ആശാനെ കണ്ടു. ആഗ്രഹം പറഞ്ഞപ്പോള്‍ പിന്തിരിപ്പിക്കുകയോ മടികാട്ടുകയോ ഒന്നുമുണ്ടായില്ല, നമുക്ക് ശ്രമിച്ചുനോക്കാമെന്ന് പറഞ്ഞ് ഒപ്പം നിന്നു. ഇപ്പോള്‍ ഏതാണ്ട് ഒന്നര വര്‍ഷത്തെ പരിശീലനംകൊണ്ട് പഞ്ചാമരമേളത്തില്‍ അരങ്ങേറ്റം കുറിച്ച അശോകന്‍ ഏവരേയും അതിശയിപ്പിച്ചിരിക്കുകയാണ്.

കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ആയിരുന്നു പത്മനാഭന്‍ ആശാന് കീഴില്‍ മേളം അഭ്യസിച്ചവര്‍ അരങ്ങേറ്റം കുറിച്ചത്. ”ചെണ്ട അഭ്യസിക്കണമെന്നത് ഏറെക്കാലമായി മനസിലുണ്ടായിരുന്ന ആഗ്രഹമായിരുന്നു” എന്ന് അശോകന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പത്മനാഭന്‍ ആശാന്റെ പ്രോത്സാഹനം ഒന്നുകൊണ്ട് മാത്രമാണ് ഈ പരിമിതികളെ അതിജീവിച്ച് പഠനം നടത്താന്‍ കഴിഞ്ഞത്. അദ്ദേഹം നല്‍കിയ ആത്മവിശ്വാസമാണ് മുന്നോട്ടുനയിച്ചതെന്നും അശോകന്‍ പറഞ്ഞു.

ചെണ്ട പഠിക്കാന്‍ താല്‍പര്യം പറഞ്ഞ് ഒന്നര വര്‍ഷം മുമ്പാണ് ആശാനെ സമീപിച്ചത്. അദ്ദേഹം ആദ്യം കോലെടുത്ത് മുട്ടിയില്‍ കൊട്ടിച്ചുനോക്കി. പറ്റുന്നുണ്ടെന്ന് കണ്ടതോടെ നമുക്ക് ശ്രമിക്കാമെന്നും പറഞ്ഞു. അങ്ങനെ ഒരു നവമി ദിവസമാണ് പഠനം തുടങ്ങിയത്. മുട്ടിയില്‍ വണ്ണമുള്ള കോലുകൊണ്ടുള്ള കൊട്ട് ആദ്യ കുറച്ചുദിവസം ഏറെ ബുദ്ധിമുട്ടായിരുന്നു. പക്ഷേ ആശാന്‍ അതൊന്നും കാര്യമാക്കേണ്ട, വേദനയൊക്കെ കുറച്ചുനാള്‍ കഴിഞ്ഞാല്‍ പോകുമെന്ന് പറഞ്ഞ് കരുത്ത് നല്‍കി. കുറച്ചുദിവസത്തിനകം പ്രയാസങ്ങള്‍ കുറഞ്ഞുവന്നു. ഇതിനിടെ കുറച്ചുകുട്ടികള്‍ കൂടി പഠിക്കാനായി എത്തി. അവരുടെ കൂടി പിന്തുണയായപ്പോള്‍ എല്ലാ പരിമിതികളും മറന്ന് കൊട്ടാന്‍ തുടങ്ങിയെന്നും അശോകന്‍ വ്യക്തമാക്കി.

അശോകന്‍ ചെണ്ട പഠിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചപ്പോള്‍ അദ്ദേഹത്തിന് എല്ലാ പിന്തുണയും നല്‍കി കൂടി നില്‍ക്കുകയായിരുന്നെന്ന് പത്മനാഭന്‍ ആശാന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അദ്ദേഹത്തിന്റെ താല്‍പര്യവും പരിശ്രമവും നന്നായുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. പത്മനാഭന്‍ ആശാന് കീഴില്‍ തായമ്പക പഠിക്കണമെന്നും ആശാന്‍മാര്‍ക്കൊപ്പം മേളം കൊട്ടണമെന്നുമൊക്കെയാണ് ചെണ്ടയില്‍ അശോകന് ഇനിയുള്ള സ്വപ്‌നങ്ങള്‍.

ചെണ്ടയില്‍ മാത്രമല്ല കായിക രംഗത്തും മികച്ച നേട്ടങ്ങള്‍ അശോകന്‍ ഇതിനകം കൈവരിച്ചിട്ടുണ്ട്. മാത്തോട്ടം വനശ്രീയിലെ ഉദ്യോഗസ്ഥനായ അശോകന്‍ വനംവകുപ്പ് നടത്തുന്ന കായികമേളയില്‍ പൊതുവിഭാഗത്തില്‍ കാരംസ് മത്സരത്തില്‍ സ്റ്റേറ്റ് ചാമ്പ്യനാണ്. കൂടാതെ സ്റ്റേറ്റ് പാരാ അത്‌ലറ്റിക് മീറ്റില്‍ ഓട്ടത്തില്‍ സ്വര്‍ണമെഡല്‍ നേടിയിട്ടുണ്ട്. ഡിസേബിള്‍ഡ് ഇന്‍ഡോര്‍ ക്രിക്കറ്റില്‍ സ്‌റ്റേറ്റ് പ്ലെയറായ അദ്ദേഹം നാഷണല്‍ ഗെയിംസില്‍ കേരളത്തിനുവേണ്ടി കളിച്ചിരുന്നു.

Summary: kanjilassery native kk ashokan panjarimelam