പേരാമ്പ്രയിൽ ടിപ്പർ ലോറി ബൈക്കിലിടിച്ച് പന്ത്രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം


പേരാമ്പ്ര: ടിപ്പർ ലോറി ബൈക്കിലിടിച്ച് പന്ത്രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. പേരാമ്പ്ര എ.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ നിരഞ്ജനയാണ് അപകടത്തിൽ മരിച്ചത്. സി.പി.എം കുരിക്കൾകൊല്ലി ബ്രാഞ്ച് സെക്രട്ടറി പി.പി ഷിജുവിന്റേയും കായണ്ണ സഹകരണ ബാങ്ക് ജീവനക്കാരി ഷിജിയുടേയും മകളാണ്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.

നിരഞ്ജന സഞ്ചരിച്ച ബൈക്കിന് പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിരഞ്ജന ബൈക്കിൽ നിന്ന് തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. പ്രത്യക്ഷത്തിൽ പരുക്കുകളൊന്നുമില്ലായിരുന്നെകിലും ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് മൂന്നരയോടെയാണ് മരണം സംഭവിച്ചത്.

യു.എസ്.എസ് ക്ലാസ് കഴിഞ്ഞ് തിരികെ വരുമ്പോൾ കായണ്ണ റോഡിൽ വച്ചാണ് അപകടം. സഹപാഠിയോടൊപ്പം അവളുടെ പിതാവിന്റെ ബൈക്കിനു പിന്നിൽ യാത്ര ചെയ്യുമ്പോഴായിരുന്നു ലോറിയിടിച്ചത്. മറ്റു രണ്ടു പേരും നിസാര പരുക്കുകളോടെ രക്ഷപെട്ടു.

നിരഞ്ജനയുടെ സഹോദരൻ നൗമിക്. സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും.