പ്രത്യേക മീറ്റിങ്ങിനെന്ന് പറഞ്ഞ് കാബിനിലേക്ക് വിളിപ്പിച്ചു; ഓമശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായി പരാതി


കോഴിക്കോട്: ഓമശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. മാർക്കറ്റിംഗ് സ്ഥാപനത്തിലെ മാനേജർ ഷബീർ അലിയെയാണ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. തിങ്കളാഴ്ചയാണ് ആറംഗ സംഘം ഷബീറിനെ തട്ടിക്കൊണ്ടുപോയത്‌. ഗുരുതരമായി പരിക്കേറ്റ ഷബീർ ആദ്യം താമരശ്ശേരിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സ തേടി.

ബിസിനസ് രംഗത്തെ തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് ഇടയാക്കിയതെന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്‌. കഴിഞ്ഞ 15 വര്‍ഷത്തോളമായി ഫിറോസ്ഖാന്‍ എന്ന വ്യക്തി നടത്തുന്ന സ്ഥാപനത്തില്‍ ജീവനക്കാരനാണ് ഷബീര്‍. അവിടെ മാര്‍ക്കറ്റിങ് മാനേജറായാണ് ജോലി ചെയ്തിരുന്നത്. ശമ്പളം വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട കുറച്ച് തര്‍ക്കങ്ങള്‍ ഇവര്‍ തമ്മില്‍ ഉണ്ടായിരുന്നു. പ്രത്യേക മീറ്റിംങ് ഉണ്ടെന്ന് പറഞ്ഞ് തന്നെ കാബിനിലേക്ക് വിളിപ്പിച്ചെന്നും അരമണിക്കൂറോളം സംസാരിച്ച ശേഷം ഭക്ഷണം കഴിക്കാന്‍ മുക്കത്തേക്ക് പോകാം എന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റിയെന്നും ഷബീർ പറയുന്നു.

തുടര്‍ന്ന് വാഹനം മുറമ്പാത്തി എത്തുംവരെ മര്‍ദിച്ചുവെന്നും, അത് കഴിഞ്ഞ് കോടഞ്ചേരിയിലെ റിസോട്ടില്‍ എത്തിച്ചും, വൈകുന്നേരം താമരശ്ശേരിയിലെ കുന്നിന്‍മുകളില്‍ എത്തിച്ചും, രാത്രി വയനാട്ടില്‍ എത്തിച്ചും മര്‍ദിച്ചുവെന്നും പിറ്റേന്ന് താമരശ്ശേരിയില്‍ ഇറക്കിവിട്ടെന്നും ഷബീര്‍ പറയുന്നു.

തന്നെ മര്‍ദ്ദിക്കാന്‍ അഞ്ച് ലക്ഷം രൂപ കൈമാറിയെന്നും പോലീസിനും പണം കൊടുത്തിട്ടുണ്ടെന്നും മര്‍ദ്ദിക്കുന്ന സമയത്ത് ഉടമ പറഞ്ഞതായും ഷബീർ ആരോപിക്കുന്നു. പരാതി നൽകിയാൽ കുട്ടികളെ അടക്കം ഇല്ലാതാക്കുമെന്ന് ഫിറോസ് ഷബീർ അലിയെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. പണം നൽകി ഫിറോസ് പൊലീസിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ഷബീർ അലിയുടെ ഭാര്യ ആരോപിക്കുന്നു.

Description: Complaint that a young man was abducted and brutally beaten up in Omassery