അവസാനമായി കാണാൻ നാടാകെ ഒഴുകിയെത്തി, പൊട്ടിക്കരഞ്ഞ് അമ്മയും ചേച്ചിയും; തകർന്ന ഹൃദയവുമായി അനുശ്രീയ്ക്ക് യാത്രാമൊഴിയേകി ജന്മനാട്
അയനിക്കാട്: ഒടുവിലായി ഒരുനോക്ക് അനുശ്രീയെ കാണാനെത്തിയവർക്കാർക്കും ഇനിയും ആ മരണവാർത്ത വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ഇന്നലെ വരെ സന്തോഷത്തോടെ തങ്ങൾക്കിടയിൽ പാറിപ്പറന്നു നടന്നവൾ ഇനിയില്ല എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ അയനിക്കാടെന്ന നാട് ബുദ്ധിമുട്ടുകയാണ്.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അനുശ്രീക്ക് നാട് അന്ത്യ യാത്രാമൊഴി നൽകി. എല്ലാവരോടും നന്നായി പെരുമാറുകയും സംസാരിക്കുകയും ചെയ്ത തങ്ങളുടെയെല്ലാം പ്രിയപ്പെട്ട കുട്ടിയായിരുന്നു അനുശ്രീ എന്ന് സമീപവാസികൾ ഒരുപോലെ പറയുന്നു.
പതിനൊന്നരയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. അനുശ്രീയുടെ ചേതനയറ്റ ശരീരം അവസാനമായി ഒരു നോക്ക് കാണുവാൻ വീടും പരിസരവും ആളുകളാൽ നിറഞ്ഞിരുന്നു. അനുശ്രീയെ ഒരുനോക്കു കാണുവാൻ എത്തിയ എല്ലാരിലും എന്തിന് അവളിത് ചെയ്തു എന്ന ചോദ്യം ബാക്കിയായി.
അനുശ്രീയെ അവസാനമായി കാണാനായി പയ്യോളി ഹൈസ്കൂളിലെ സഹപാഠികളും അധ്യാപകരുമെല്ലാം എത്തിയിരുന്നു. കരച്ചിലടക്കാൻ പാടുപെട്ടാണ് എല്ലാവരും അനുശ്രീയെ ഒരുനോക്ക് കണ്ടത്.
മൃതദേഹം ചിതയിലേക്കെടുത്തപ്പോൾ സങ്കടം സഹിക്കാനാവാതെ അമ്മയും സഹോദരിയും പൊട്ടിക്കരഞ്ഞ കാഴ്ച അവിടെയുണ്ടായിരുന്ന എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു. സ്വന്തം മകളുടെ വേർപാട് എങ്ങനെ ഉൾക്കൊള്ളുമെന്ന് അറിയാതെ തളർന്നിരിക്കുകയായിരുന്നു അച്ഛൻ ജയദാസൻ.
കരഞ്ഞ് തളർന്ന അമ്മയും ചേച്ചിയും ഇടയ്ക്കിടെ അബോധാവസ്ഥയിലേക്ക് പോയി. ഇന്നലെയും അനുശ്രീ ജനലിൽ തൂങ്ങി നിൽക്കുന്ന കാഴ്ച കണ്ടതിന്റെ ആഘാതത്തിൽ അമ്മ ഷീജയും ചേച്ചി അനഘയും തളർന്ന് പോയിരുന്നു.
ഇരുവരെയും ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകേണ്ട അവസ്ഥയായിരുന്നു. തന്റെ മകൾ ഇനി ഇല്ലായെന്നതിൽ മനസ്സ് തകർന്ന അച്ഛൻ ജയദാസൻ വിതുമ്പൽ കണ്ടുനിന്നവരെ കണ്ണീരിലാഴ്ത്തി. ഖത്തറിൽ നിന്ന് രണ്ടാഴ്ച മുൻപാണ് ജയദാസൻ അവധിക്ക് നാട്ടിൽ വന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ പത്ത് മണിയോടെയാണ് പോസ്റ്റുമോർട്ടം ചെയ്തത്. തുടർന്നാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തത്.
കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല, പയ്യോളി നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ, സ്ഥിരം സമിതി അധ്യക്ഷരായ പി.എം.ഹരിദാസ്, കെ.ടി.വിനോദ്, നഗരസഭാംഗങ്ങളായ ടി.ചന്തു മാസ്റ്റർ, കായിരി കണ്ടി അൻവർ, സി.പി.എം ഏരിയ സെക്രട്ടറി എം.പി.ഷിബു, സബീഷ് കുന്നങ്ങോത്ത്, മുസ്ലീം ലീഗ് നിയോജക മണ്ഡലം ട്രഷറർ മഠത്തിൽ അബ്ദുറഹ്മാൻ, കെ.പി.റാണാ പ്രതാപ് തുടങ്ങിയവരും അനുശ്രീക്ക് അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അയനിക്കാട് സ്വദേശിനിയും പയ്യോളി ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയുമായ അനുശ്രീ ആത്മഹത്യ ചെയ്തത്. പതിവുപോലെ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഉടൻ അനുശ്രീ വസ്ത്രം മാറി വരാമെന്ന് സഹോദരിയോട് പറഞ്ഞ് മുറിയിലേക്ക് കയറി പോകുകയായിരുന്നു. പിന്നീട് വിളിച്ചപ്പോൾ മറുപടിയില്ലാതായതോടെ നാട്ടുകാരുടെ സഹായത്തോടെ വാതിൽ തുറക്കുകയായിരുന്നു. അപ്പോഴാണ് അനുശ്രീയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. ജനലിൽ ഷോൾ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പർ – 1056, 0471- 2552056)