കളിക്കുന്നതിനിടെ അബദ്ധത്തില്‍ പാത്രം തലയില്‍ കുടുങ്ങി; രണ്ടുവയസുകാരന് രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന


തൂണേരി: കളിക്കുന്നതിനിടയില്‍ ചെമ്പ് പാത്രം തലയില്‍ കുടുങ്ങിയ കുഞ്ഞിന് രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന. ഇന്ന് രാവിലെ 11മണിയോടെയാണ് തൂണേരി കോമത്ത് കണ്ടി ഷജീറിന്റെ രണ്ട് വയസുള്ള മകന്‍ ആദി അമാന്റെ തലയില്‍ പാത്രം കുടുങ്ങിയത്.

വീട്ടുകാര്‍ ഉടനെ തന്നെ തലയില്‍ നിന്നും പാത്രം ഊരാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ കുഞ്ഞിനെ നാദാപുരം അഗ്നിരക്ഷാ നിലയത്തില്‍ എത്തിച്ചു. സ്റ്റേഷനിലെത്തി 15 മിനുട്ടിനുള്ളില്‍ സേനാംഗങ്ങള്‍ പാത്രം കട്ടര്‍ ഉപയോഗിച്ച് മുറിച്ചുമാറ്റി കുട്ടിയെ രക്ഷപെടുത്തി. അത്രയും നേരം പേടി കൂടാതെ കുട്ടി സേനാംഗങ്ങളോട് സഹകരിക്കുകയും ചെയ്തു. അപകടത്തില്‍ കുട്ടിക്ക് പരിക്കുകളൊന്നുമില്ല.

സ്റ്റേഷന്‍ ഓഫീസര്‍ വരുണിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഷമേജ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഷിഗില്‍, ജിഷ്ണു, സന്തോഷ്, ഷിഗിലേഷ്, സജീഷ്, സുജിത്ത് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.