പത്തനംതിട്ടയില്‍ സി.ഐ.ടി.യു പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തി; മൂന്നുപേര്‍ കസ്റ്റഡിയില്‍
പത്തനംതിട്ട : പെരുനാട് മഠത്തുംമൂഴിയില്‍, സി.ഐ.ടി.യു പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തി. മാമ്പാറ പടിഞ്ഞാറേ ചരുവില്‍ ജിതിന് ഷാജി (34) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പെരുനാട് കൊച്ചുപാലം ജങ്ഷന് സമീപത്തുവെച്ചാണ് സംഭവം. അക്രമത്തിന് പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു.
സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഖില്‍, ഷാരോണ്‍, ആരോമല്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ജിതിന്റെ വയറിന്റെ വലതുഭാഗത്ത് ആഴത്തിലും തുടയിലുമാണ് വെട്ടേറ്റത്. നാട്ടുകാര്‍ ചേര്‍ന്ന് ജിതിനെ ആദ്യം പെരുനാട് പി.എച്ച്.സിയിലും തുടര്‍ന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
രാഷ്ട്രീയ സംഘര്‍ഷമല്ല കൊലപാതക കാരണമെന്നാണ് പൊലീസ് വിശദീകരണം. എന്നാല്‍ ബി.ജെ.പി -ആര്.എസ്.എസ് പ്രവര്‍ത്തകരാണ് വാക്കു തര്‍ക്കത്തിലും സംഘര്‍ഷത്തിലും ഏര്‍പ്പെട്ടതെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലയിലൊട്ടാകെ പൊലീസ് സുരക്ഷ ശക്തമാക്കി.