കോവിഡ് മുടക്കിയ പൊലീസ് പരേഡ് വീണ്ടും; കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ പരേഡ് പുനരാരംഭിച്ചു


കൊയിലാണ്ടി: കോവിഡ് മഹാമാരി കാരണം മുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലെ പരേഡ് വീണ്ടും ആരംഭിച്ചു. എല്ലാ വെള്ളിയാഴ്ചയും രാവിലെയാണ് പരേഡ് നടത്തിയിരുന്നത്. കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് പരേഡ് നിർത്തി വയ്ക്കേണ്ടി വന്നത്.

ഡി.ജി.പിയുടെ പുതിയ ഉത്തരവ് പ്രകാരമാണ് പരേഡ് പുനരാരംഭിച്ചത്. ഇത് പ്രകാരം കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലും ഇന്ന് രാവിലെ സേനാംഗങ്ങൾ അണി നിരന്നു കൊണ്ട് പരേഡ് നടത്തി. പോലീസ് സ്‌റ്റേഷനുകളിലും ക്യാമ്പുകളിലും എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ ഏഴ് മണി മുതൽ എട്ട് മണി വരെയാണ് പരേഡ് നടത്തുക.

സംസ്ഥാനത്ത് കോവിഡിന്റെ രൂക്ഷത കുറഞ്ഞ് സ്ഥിതി സാധാരണ നിലയിലായതിനെ തുടർന്നാണ് എല്ലാ സ്റ്റേഷനുകളിലും പരേഡ് ആരംഭിക്കാൻ പോലീസ് തീരുമാനിച്ചത്. കൊയിലാണ്ടിയിൽ ഇന്ന് രാവിലെ നടന്ന പരേഡിന് എസ്.ഐ ശ്രീജു നേതൃത്വം നൽകി.