മദ്യം ചതിച്ചു!! മദ്യപിച്ച് ഫിറ്റായി കഞ്ചാവ് പൊതിയുമായി എക്‌സൈസില്‍ അങ്ങോട്ട് ചെന്ന് കീഴടങ്ങി മലപ്പുറം സ്വദേശി


വണ്ടൂര്‍: മദ്യപിച്ച് ഫിറ്റായി എക്‌സൈസിനു മുമ്പില്‍ കഞ്ചാവ് പൊതിയുമായി അങ്ങോട്ട് ചെന്ന് കീഴടങ്ങി മലപ്പുറം സ്വദേശി. പൊന്‍മള, പള്ളിപ്പടി സ്വദേശിയായ അരൂര്‍ തൊടിക ഹനീഫയെയാണ് കുടിച്ച മദ്യം ‘ചതിച്ചത്’.
[ad1]

കഞ്ചാവ് വില്‍പ്പനക്കായി വണ്ടൂരില്‍ നിന്നും പൂക്കുളത്തെത്തിയതായിരുന്നു ഇയാള്‍. പൂക്കുളത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടിയായിരുന്നു കഞ്ചാവ് കൊണ്ടുവന്നത്.

വണ്ടൂരിലെത്തിയ ഇയാള്‍ നന്നായി മദ്യപിച്ചിരുന്നു. ഇതോടെ സ്വബോധം നഷ്ടപ്പെട്ടു. ഉച്ചയോടെ അതുവഴി എക്‌സൈസിനെ കണ്ട ഹനീഫ മദ്യലഹരിയില്‍ അങ്ങോട്ട് ചെന്ന് കീഴടങ്ങുകയായിരുന്നു.
[ad2]

‘ഇത് എന്റെ പൊതിയാണ്’ എക്‌സൈസ് ജീപ്പിനടുത്തെത്തി ഇയാള്‍ പറഞ്ഞു. ‘ ഇതില്‍ കഞ്ചാവ് ഉണ്ട്.’ എന്നും പറഞ്ഞു.

എത്രഗ്രാം കഞ്ചാവുണ്ടെന്ന ചോദ്യത്തിന് ‘ അത് ഇപ്പൊ സാറ് തന്നെ നോക്കണം.’ എന്നായിരുന്നു മറുപടി.

‘ഇത് എവിടെ നിന്നാണ്?’ എന്നായി എക്‌സൈസ്.

‘സ്വന്തമായി ഉണ്ടാക്കാന്‍ ഒന്നും പറ്റില്ലല്ലോ… മഞ്ചേരിയില്‍ നിന്നാണ്.’ എന്നായിരുന്നു മറുപടി.

25 പാക്ക് കഞ്ചാവാണ് ഇയാള്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ഒ.വിനോദിനെ ഏല്‍പ്പിച്ചത്. ഏഴ് ഗ്രാമോളം തൂക്കംവരുന്ന കഞ്ചാവ് പാക്കറ്റിന് ആയിരം രൂപയാണ് വില. കഞ്ചാവിന്റെ തൂക്കം ഒരു കിലോയ്ക്ക് താഴെയായതുകൊണ്ട് ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.