മേലൂര്‍ പാരമ്പര്യത്തെ പ്രണയിച്ച പുരോഗമന കവി- അന്നൊരു പുസ്തക പ്രകാശന ചടങ്ങില്‍ കണ്ട ആ സുമുഖന്‍ പിന്നീട് പ്രിയ സുഹൃത്തായ ഓര്‍മ്മകള്‍ പങ്കുവെച്ച് മണിശങ്കര്‍
കൗമാരം അവസാനിക്കുന്നതിനിടയിലെപ്പോഴോ ആണ് മേലൂര്‍ വാസുദേവനുമായി ആദ്യത്തെ കൂടിക്കാഴ്ച. ഒരു പുസ്തക പ്രകാശനമായിരുന്നു സന്ദര്‍ഭം. കൊയിലാണ്ടിയിലെ സമാന്തര കലാലയമായ ആര്‍ട്‌സ് കോളജിലെ മുകളിലത്തെ ക്ലാസ് റൂം ആയിരുന്നു വേദി. മേലൂര്‍ വാസുദേവന്റെ ‘സന്ധ്യയുടെ ഓര്‍മയ്ക്ക്’ ആയിരുന്നു അന്നവിടെ പ്രകാശിപ്പിക്കപ്പെട്ട കൃതി. പുസ്തകം വായിച്ചും പൊട്ടക്കവിതകള്‍ കുത്തിക്കുറിച്ചും അലക്ഷ്യമായി നടക്കുന്ന കാലമായിരുന്നു എന്റേത്. ആദ്യമായി ഞാനൊരു പുസ്തക പ്രകാശനത്തിന്റെ ഭാഗമാവുകയായിരുന്നു. അതിന്റെ കൗതുകവും ആകാംക്ഷയും എന്നെ അടിമുടി പൊതിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ സദസ്സില്‍ മുന്‍ നിരയില്‍ തന്നെ ഞാന്‍ ഇരിപ്പുറപ്പിച്ചു. പരിപാടി തുടങ്ങാറായപ്പോഴേക്കും സദസ്സ് നിറഞ്ഞ് കവിഞ്ഞിരുന്നു. വന്നപ്പോള്‍ മുതല്‍ ഞാന്‍ ഒരു കാര്യംപ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരു കല്യാണത്തിന് പെണ്‍കുട്ടിയുടെ അച്ഛന്‍ ആളെ സ്വീകരിക്കുന്ന പോലെ ജുബ്ബയും മുണ്ടും ധരിച്ച സുന്ദരനും സുമുഖനുമായൊരാള്‍ വന്നവരെ മുഴുവന്‍ ഹൃദ്യമായി പുഞ്ചിരിച്ചും കൈ കൊടുത്തും സ്വീകരിക്കുന്നു. അടുത്തിരുന്നയാള്‍ പറഞ്ഞു: അതാണ് മേലൂര്‍ വാസുദേവന്‍.
പി കുഞ്ഞിരാമന്‍ നായരുടെ കളിയച്ഛനും കവിയുടെ കാല്പാടുകളും വായിച്ചപ്പോള്‍ മനസ്സില്‍ പതിഞ്ഞ അരാജകവാദിയുടെ രൂപമല്ല കവിക്ക്. അടുക്കും ചിട്ടയുമുള്ള, വൃത്തിയും മെനയുമുള്ള ഒരു ഭാവഗായകന്റെ മട്ട്. അതൊന്നും എനിയ്ക്ക് പിടിച്ചില്ലെങ്കിലും അവിടെ പ്രകാശിപ്പിക്കപ്പെട്ട ‘ഒരു സന്ധ്യയുടെ ഓര്‍മയ്ക്ക് ‘ എന്ന പുസ്തകവും വാങ്ങിക്കൊണ്ടാണ് ഞാനവിടം വിട്ടത്.
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ പ്രസിദ്ധീകരണ ശാലയായ നാഷണല്‍ ബുക്ക്‌സിന്റെ പുസ്തകങ്ങളായിരുന്നു അക്കാലത്ത് ഞാനധികവും വായിച്ചത്. അതുകൊണ്ട് തന്നെ നാഷണല്‍ ബുക്ക്‌സ് പ്രസിദ്ധീകരിച്ച ഒരു പുസ്തകമെന്ന ആരാധന കൂടി ഒരു സന്ധ്യയുടെ ഓര്‍മയ്ക്ക് വായനയ്‌ക്കെടുക്കുമ്പോള്‍ ഉണ്ടായിരുന്നു. എന്‍.എന്‍.കക്കാട് സ്മരണയായിരുന്നു പുസ്തകത്തിന്റെ പേരിന് ആധാരമായ കവിത. ഇത് ഉള്‍പ്പടെ സമാഹരത്തിലെ മുഴുവന്‍ കവിതകളും നല്ല ഈണത്തില്‍ ചൊല്ലാന്‍ പറ്റുന്ന കവിതകളായിരുന്നു. കവിയും ഒട്ടേറെ സംഗീത ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ മേലൂര്‍ ദാമോദരന്റെ മരുമകനായിരുന്നു മേലൂര്‍ വാസുദേവന്‍. അമ്മാവന്റെ സംഗീത വഴി തന്നെയാണ് മേലൂര്‍ വാസുദേവന്റെ കവിതകളുടെ അന്തര്‍ധാരയെന്ന് കാണാം. കക്കാടിനെ അനുധാവനം ചെയ്യുന്നത് കൊണ്ട് കൂടിയാവണം പുരോഗമന പക്ഷത്തായിരുന്നു എല്ലാ കവിതകളും നിലയുറപ്പിച്ചത്. സന്ധ്യാസമയം ആകാശത്ത് അങ്ങിങ്ങായി കാണുന്ന വിഷാദഛവി എല്ലാറ്റിനുമേല്‍ വീണ് കടപ്പുണ്ടായിരുന്നു. കവിതയിലെ ചമല്‍ക്കാരമായിരുന്നില്ല വിഷാദത്തിന്റെ കറുത്ത കൊളുത്തുകളായിരുന്നു എന്നെ മേലൂരിലേക്ക് ചേര്‍ത്ത് നിര്‍ത്തിയത്.
തീരദേശത്ത് സാക്ഷരതാ കോ-ഓര്‍ഡിനേറ്ററായപ്പോഴും ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് കൊയിലാണ്ടി റജിസ്ട്രാള്‍ ഓഫീസില്‍ തിരിച്ചെത്തിയപ്പോഴും മേലൂര്‍ കൊയിലാണ്ടിയിലെ സായാഹ്ന കൂട്ടായ്മങ്ങളില്‍ സജീവമായിരുന്നു. അന്ന് കണ്ണൂര്‍ ഖാദിയുടെ കൊയിലാണ്ടിയിലെ ഷോറൂമില്‍ ടി.കെ.നാരായണന്റെ ചുറ്റുമായിരുന്നു ഞങ്ങളെല്ലാം ഒത്തുകൂടാറ്. അവിടെ വെച്ചാണ് മേലൂരുമായി കൂടുതല്‍ അടുക്കുന്നത്. ഹൃദ്യമായ പെരുമാറ്റവും പിശുക്കില്ലാത്ത സ്‌നേഹവും കൊണ്ട് ഒരിക്കല്‍ പരിചയപ്പെട്ടാല്‍ പിന്നീട് എന്നും ഒട്ടി നില്‍ക്കുന്നതായിരുന്നു മേലൂരിന്റെ സൗഹൃദം. അതുകൊണ്ട് അധികം വൈകാതെ ജ്യേഷ്ഠാനുജ ബന്ധത്തിലേക്ക് ഞങ്ങളുടെ സ്‌നേഹം വളര്‍ന്നു എന്ന് പറയാം. ഒരു കാലത്ത് കൊയിലാണ്ടിയിലും പരിസരത്തുമുള്ള ഒട്ടുമിക്ക കലാ-സാംസ്‌കാരിക വേദിയിലെയും മുഖ്യാതിഥ്യയായിരുന്നു മേലൂര്‍. കലാസമിതി വാര്‍ഷികം മുതല്‍ ഹരിയിലെഴുത്തില്‍ വരെ മേലൂര്‍ നിറഞ്ഞു നിന്നു. കൊയിലാണ്ടിയില്‍ നിന്ന് പ്രസിദ്ധീകരിച്ച അക്ഷര സാക്ഷ്യം സാംസ്‌കാരിക മാസികയുടെ പത്രാധിപരായിരുന്നു മേലൂര്‍.
പുരോഗമന പക്ഷത്ത് നിലയുറപ്പിക്കുമ്പോള്‍ തന്നെ പാരമ്പര്യത്തിലധിഷ്ഠിതമായ സൗന്ദര്യബോധവും ഭാവുകത്വവും കവിതയിലും ജീവിതത്തിലും ഒരുപോലെ നിലനിര്‍ത്തി പോന്ന കവിയായിരുന്നു മേലൂര്‍. കവിത അതിവേഗം കലത്തെ കവച്ച് വെച്ച് കടന്നു പോയപ്പോള്‍ ഒപ്പമെത്താന്‍ പാരമ്പര്യ സൗന്ദര്യ സങ്കല്പത്തോടുള്ള ഈ പ്രണയം മേലൂരിന് പലപ്പോഴും തടസ്സമായി എന്ന് വേണമെങ്കില്‍ പറയാം.
ഒരു സസ്യയുടെ ഓര്‍മയ്ക്ക് ശേഷം പുറത്തിറങ്ങിയ സരോദ്, ജീവന്റെ പക്ഷി, ഇടം, കാട് വിളിച്ചപ്പോള്‍ എന്നിവയാണ് കവിതാ സമാഹാരങ്ങള്‍. അവസ്ഥ, കാലമേ നീ സാക്ഷി എന്നീ നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സരോദിന് വി.എ.കേശവന്‍ നമ്പൂതിരി അവാര്‍ഡും മൂടാടി ദാമോദരന്‍ അവാര്‍ഡും ലഭിച്ചു. ഇടം അബുദാബി ശക്തി അവാര്‍ഡ് നേടി. കാലമേ നീ സാക്ഷിക്ക് ഉറൂബ് അവാര്‍ഡും ലഭിച്ചു.