മുകേഷിനെതിരെ ശക്തമായ തെളിവുകള്‍; പീഡന പരാതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം
കൊച്ചി: നടനും എം.എല്‍.എയുമായ മുകേഷിനെതിരെയുള്ള പീഡന പരാതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ആലുവ സ്വദേശിയായ നടി ആരോപിച്ച കുറ്റം തെളിഞ്ഞതായി കുറ്റപത്രത്തില്‍ പറയുന്നു. എം.എല്‍.എക്കെതിരെ ഡിജിറ്റല്‍ തെളിവുകളുണ്ട്.
മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകളാണുള്ളതെന്നും അന്വേഷണ സംഘം പറഞ്ഞു. മുകേഷ് പരാതിക്കാരിയുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളും ഇമെയില്‍ സന്ദേശങ്ങളുമാണ് തെളിവായിട്ടുള്ളത്. ഇത് കൂടാതെ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ട്.
താരസംഘടന ആയിരുന്ന അമ്മയുടെ അംഗത്വം വാഗ്ദാനം ചെയ്താണ് നടന്‍ മുകേഷ് പല സ്ഥലങ്ങളില്‍ വെച്ച് നടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് കേസ്. ലൈംഗികാതിക്രമ വകുപ്പ് കൂടി ചേര്‍ത്താണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നടിയുടെ രഹസ്യമൊഴിയടക്കം രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു മുകേഷിനെതിരെ പരാതിയുമായി നടിയെത്തിയത്. 2010ലായിരുന്നു പരാതിക്കാധാരമായ സംഭവം നടന്നത്. തൃശൂര്‍ വടക്കാഞ്ചേരിയില്‍ വച്ചും സമാന സംഭവങ്ങള്‍ ആവര്‍ത്തിച്ച് നടി പറഞ്ഞതോടെ അവിടെയും കേസ് രജിസ്റ്റര്‍ ചെയ്തു.