റോഡിന് വീതി കൂട്ടിയത് സ്ഥലമുടമകളുടെ അനുവാദമില്ലാതെ, നടപടി കേസ് കോടതി പരിഗണിക്കാനിരിക്കെ; അരിക്കുളം മുതുകുന്ന് മലയില്‍ മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്
അരിക്കുളം: ഉടമസ്ഥരുടെ അനുമതിയില്ലാതെയാണ് നൊച്ചാട്- അരിക്കുളം ഗ്രാമപഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന മുതുകുന്ന് മലയിലേക്കുള്ള റോഡിന് വീതി കൂട്ടിയതെന്ന് ആരോപണം. നിലവിൽ പഞ്ചായത്തിന്റെ മൂന്നര മീറ്റർ വീതിയുള്ള റോഡാണ് വലിയ വാഹനങ്ങൾ കടന്നുപോകുന്നതിനായി ആറ് മീറ്ററാക്കി ഉയർത്തിയത് എന്നാണ് ആരോപണം. റോഡിന് സമീപത്തുള്ള സ്ഥലമുടമകളുടെ സമ്മതമില്ലാതെയാണ് മണ്ണിടിച്ച് റോഡിന്റെ വീതി വർദ്ധിപ്പിച്ചത്.
അര കിലോമീറ്ററിലധികം നീളത്തിലാണ് ഇത്തരത്തിൽ റോഡിന് വീതികൂട്ടിയിരിക്കുന്നത്. പഞ്ചായത്ത് ആസ്തിയിലുള്ള മൂന്നര മീറ്ററിന് പുറമേ സമീപത്തുള്ള സ്ഥലത്തുനിന്നും രണ്ടര മീറ്റർ അധികം എടുത്താണ് വലിയ വാഹനങ്ങൾക്ക് കടന്നുപോകാനായി ആറ് മീറ്റർ വീതിയിൽ റോഡ് നിർമ്മിച്ചത്. പ്രദേശവാസികളായ ആമ്പിലാംവീട്ടിൽ രാമൻ, തേവർക്കണ്ടി ഗോവിന്ദൻ കുട്ടി, വെങ്കലുള്ളതിൽ ദേവി, കരുണൻ മാഷ് ഉൾപ്പെടെ ആറ് പേരുടെ സ്ഥലം കൂടെ ഉൾപ്പെടുത്തിയാണ് റോഡിന്റെ വീതി വർദ്ധിപ്പിച്ചത്. .
തങ്ങളുടെ സമ്മതമില്ലാതെ തങ്ങളുടെ സ്ഥലം കയ്യേറി റോഡ് വീതികൂട്ടുന്നതിനെതിരെ സ്ഥലമുടമകൾ കോടതിയെ സമീപിച്ച് ഇഞ്ചക്ഷ്ൻ ഓർഡർ വാങ്ങിയിരുന്നു. കേസ് കോടതി ഫെബ്രുവരി ആറിന് വീണ്ടും പരിഗണിക്കാരിനിക്കെയാണ് ഇന്ന് സ്ഥലമുടമകളുടെ അനുവാദമില്ലാതെ റോഡിന് വീതികൂട്ടിയത്.
തന്റെ സ്ഥലം ഇടിച്ച് നിരത്തുന്നത് തടയാൻ ശ്രമിച്ച സ്ഥലമുടമ വെങ്കലുള്ളതിൽ ദേവിയെ വനിതാ പോലീസിന്റെ സഹായത്തോടെയാണ് ഇവിടെ നിന്നും നീക്കിയത്. സ്ഥലം ഇടിച്ച് നിരത്തരുതെന്ന് കരഞ്ഞപേക്ഷിച്ചിട്ടും ആരും പരിഗണിച്ചില്ലെന്ന് ദേവി പറയുന്നു.
സ്ഥലമുടമകളുടെ അനുവാദമില്ലാതെ, അവർ നോക്കിനിൽക്കേ കയ്യേറിയാണ് മണ്ണിടിച്ച് റോഡിന് വീതി കൂട്ടിയതെന്ന് പ്രദേശവാസി രഗിന അജയൻ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മണ്ണിടിക്കുന്നതുമായി ബന്ധപ്പെട്ട രേഖകളുണ്ടോ എന്ന് ചോദിച്ചിരുന്നെങ്കിലും അവർ ഒന്നും തന്നെ തങ്ങളെ കാണിച്ചിട്ടില്ല. വഗാഡ് കമ്പനിയെ സഹായിക്കുന്ന സമീപനമാണ് അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും രഗിന ആരോപിച്ചു.
മുതുകുന്ന് മലയില്‍ നിന്നും മണ്ണ് ഖനനം ചെയ്യുന്നതിനെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് സമര സമിതിയുടെ തീരുമാനം. പ്രശ്നവുമായി ബന്ധപ്പെട്ട് ഫെബ്രുവരി മൂന്നിന് എംഎൽഎയുടെ നേതൃത്വത്തിൽ യോഗം വിളിച്ചിട്ടുണ്ടെന്നും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.അഭിനീഷ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.
Summary: The widening of the road was done without the permission of the land owners, while the action case is pending in the court; More information related to soil extraction in Arikkulam Muthukunnu Hill is out