അംബേദ്ക്കര്‍ വികസന പദ്ധതി; തുറയൂര്‍ ചെറിയപറമ്പില്‍ നഗറില്‍ 1 കോടിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കം
പയ്യോളി: തുറയൂര്‍ പഞ്ചായത്തിലെ ചെറിയ പറമ്പില്‍ നഗറില്‍ 1 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കമായി. പ്രവൃത്തി ടി പി രാമകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കേരളസര്‍ക്കാര്‍ പട്ടികജാതി വികസന വകുപ്പ് മുഖേന പിന്നാക്കം നില്ക്കുന്ന പട്ടികജാതി നഗറുകളുടെ അടിസ്ഥാന സൗകര്യ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ആവിഷ്കരിച്ച അംബേദ്കര്‍ വികസന പദ്ധതി പ്രകാരമാണ് പദ്ധതി.
ടി.പി രാമകൃഷ്ണന് എംഎല്‍എയുടെ ശുപാര്‍ശ പ്രകാരമാണ് വികസന പ്രവൃത്തിയ്ക്കായി തെരഞ്ഞെടുക്കപ്പെട്ടത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍വ്വഹണ ചുമതല. ചടങ്ങില്‍ തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് അധ്യക്ഷനായി.
മേലടി ബ്ലോക്ക് എസ്സിഡിഒടി. അബ്ദുല്‍ അസീസ് പദ്ധതി വിശദീകരണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേലടി ബ്ലോക്ക് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ലീന, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എം.പി ഷിബു, ബ്ലോക്ക് പഞ്ചായത്ത് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സുജിന, ഷാജു മാടായി, കെ.കെ രമ്യഎന്നിവര് സംസാരിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന് സബിന്‍ രാജ് സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ ഷൈന്‍ ബാബു നന്ദിയും പറഞ്ഞു.