‘കൊയിലാണ്ടി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ഓഫീസ് നിര്‍ത്തലാക്കരുത്’; വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.ജി.ഒ.യു കൊയിലാണ്ടി താലൂക്ക് സമ്മേളനം


കൊയിലാണ്ടി: കെ.ജി.ഒ.യു കൊയിലാണ്ടി താലൂക്ക് സമ്മേളനം ചേര്‍ന്നു. കെ.ജി.ഒ.യു സംസ്ഥാന വൈസ് പ്രസിഡന്റ് ബീന പൂവത്തില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പിന്റെ കൊയിലാണ്ടിയിലെ ഓഫീസ് നിര്‍ത്തലാക്കരുതെന്ന് കെ.ജി.ഒ.യു കൊയിലാണ്ടി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

നിരന്തരം കടലാക്രമണ ഭീഷണി നേരിടുന്ന കൊയിലാണ്ടി പ്രദേശത്ത് ഏക ആശ്രയമായ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് കാര്യാലയം ഇല്ലാതാക്കുന്നത് തീരദേശ വാസികളെയും മത്സ്യത്തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കുമെന്നും തീരദേശ വാസികളുടെ ജീവിതം ദുരിതത്തിലാക്കുന്ന നടപടി പിന്‍വലിക്കണമെന്ന് കെജിഒയു കൊയിലാണ്ടി താലൂക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന് കീഴിലെ ചേറ്റുവ, കൊയിലാണ്ടി, ചെറുവത്തൂര്‍ സബ് ഡിവിഷനുകളിലെ 26 തസ്തികകള്‍ 2024- 2025 സാമ്പത്തിക വര്‍ഷം കഴിയുന്നതോട് കൂടി ഇല്ലാതാവുകയാണ്. ഇതു സംബന്ധിച്ച് തുറമുഖ വകുപ്പ് 2024 സെപ്തംബര്‍ 9 ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

കെജിഒയു താലൂക്ക് പ്രസിഡന്റ് സാജിദ് അഹമ്മദ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കെജിഒയു കൊല്ലം ജില്ലാ സെക്രട്ടറി എം എസ് രാകേഷ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടേറിയേറ്റ് ക്ഷണിതാവ് വി.സി സുബ്രഹ്‌മണ്യന്‍, ജില്ലാ കമ്മിറ്റി ട്രഷറര്‍ എം.പി സബീര്‍ സാലി, കെ. ലത, ഡോ. ടി.എം സാവിത്രി, പി.കെ ബിജു, കെ. ഹനീഫ്, കെ. സിന്ധു എന്നിവര്‍ സംസാരിച്ചു.

താലൂക്ക് കമ്മിറ്റി ഭാരവാഹികളായി സാജിദ് അഹമ്മദ് (പ്രസിഡന്റ്), ഡോ. ടി.എം സാവിത്രി (സെക്രട്ടറി), പി.കെ ബിജു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.