കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങളില്‍ നിരവധി ഒഴിവുകള്‍; നോര്‍ക്ക നെയിം പദ്ധതിയിലൂടെ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് അപേക്ഷിക്കാം


കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള വിവിധ തസ്തികകളിലേക്ക് തിരിച്ചെത്തിയ പ്രവാസികളില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് മുഖേന അപേക്ഷ ക്ഷണിച്ചു. ഓട്ടോമൊബൈല്‍, എംഎസ്എംഇ, ധനകാര്യം, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി, മാന്‍പവര്‍ സ്ഥാപനം എന്നിവയില്‍ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ഒഴിവുകള്‍.

തിരിച്ചെത്തിയ പ്രവാസി കേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളില്‍ തൊഴില്‍ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് മുഖേന നടപ്പിലാക്കുന്ന പുതിയ പ്രവാസി പുനരധിവാസ പദ്ധതിയായ നോര്‍ക്ക അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് അഥവ ‘നെയിം’ പദ്ധതിപ്രകാരമാണ് അപേക്ഷ ക്ഷണിച്ചത്. നോര്‍ക്ക റൂട്ട്‌സിന്റെ വെബ്ബ്‌സൈറ്റ് (www.norkaroots.org) സന്ദര്‍ശിച്ച് ജനുവരി 31 നകം അപേക്ഷ നല്‍കാം. വിശദ വിജ്ഞാപനവും ഓരോ തസ്തികകളിലേയും യോഗ്യത സംബന്ധിക്കുന്ന വിവരങ്ങളും വെബ്ബ്‌സൈറ്റില്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770523 നമ്പറില്‍ (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാം.

രണ്ടു വര്‍ഷത്തിലധികം വിദേശരാജ്യത്ത് ജോലി ചെയ്തശേഷം നാട്ടില്‍ തിരിച്ചെത്തി ആറു മാസം കഴിഞ്ഞ, സാധുവായ വിസ ഇല്ലാത്ത പ്രവാസികള്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. പ്രവാസികളെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് (എംപ്ലോയര്‍) നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് പരമാവധി 100 ദിനങ്ങളിലെ ശമ്പളവിഹിതം (വേജ് കോമ്പന്‍സേഷന്‍) പദ്ധതി വഴി ലഭിക്കും.

ഒരു സ്ഥാപനത്തിന് പരമാവധി 50 പേരെ വരെ ശമ്പളവിഹിതം ലഭ്യമാക്കി നെയിം പദ്ധതിപ്രകാരം നിയമിക്കാനാകും. പ്രവാസികളുടെ തൊഴില്‍ നൈപുണ്യവും അനുഭവപരിചയവും സംരംഭങ്ങള്‍ക്ക് പ്രയോജനകരമാകുന്നതിനൊപ്പം തിരികെയെത്തിയ പ്രവാസികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനാണ് നെയിം പദ്ധതി.

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.