താമരശ്ശേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ലോറിയുമായി കൂട്ടിയിടിച്ചു; മുന്‍ഭാഗത്തെ ചില്ലും വാതിലും തകര്‍ന്നു


താമരശ്ശേരി: കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍ പെട്ടു. താമരശ്ശേരി കൈതപ്പൊയിലില്‍ വച്ച് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് മാനന്തവാടിയിലേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്.

മുന്നില്‍ പോകുകയായിരുന്ന ലോറി പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ പിന്നിലുണ്ടായിരുന്ന സ്വിഫ്റ്റ് ബസ് ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗത്തെ ചില്ലും വാതിലും തകര്‍ന്നു. മുന്‍പും ഇതേ റൂട്ടിലോടിയിരുന്ന രണ്ട് സ്വിഫ്റ്റ് ബസുകള്‍ക്ക് അപകടം സംഭവിച്ചിരുന്നു.

രണ്ടു ദിവസം മുന്‍പ് മാവൂര്‍റോഡിലെ കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ സ്വിഫ്റ്റ് ബസ് പിറകോട്ട് ഉരുണ്ടുപോയി എ.സി ലോഫ്‌ളോര്‍ ബസിന്റെ ചില്ല് തകര്‍ത്തിരുന്നു. കോഴിക്കോട് ജില്ലയില്‍ ഇത് മൂന്നാം തവണയാണ് സ്വിഫ്റ്റ് ബസ് അപകചത്തില്‍ പെടുന്നത്.

അതേസമയം മികച്ച കളക്ഷനുമായി കെ.എസ്.ആര്‍.ടി.സിയുടെ സ്വിഫ്റ്റ് ബസുകള്‍ കുതിപ്പ് തുടരുകയാണ്. സര്‍വീസുകള്‍ ആരംഭിച്ച ഏപ്രില്‍ 11 മുതല്‍ 17 വരെ ലഭിച്ചത് 35,38,291 രൂപയാണ്. ബെംഗളൂരുവിലേക്കുള്ള സര്‍വീസുകളാണ് കളക്ഷനില്‍ ഒന്നാമത്.