ആവേശപ്പെരുമഴയായി കൊണ്ടംവള്ളി അയ്യപ്പ ക്ഷേത്രത്തിലെ കുളക്കര മേളം; നാളെ പള്ളിവേട്ട


കൊയിലാണ്ടി: മേലൂര്‍ കൊണ്ടംവള്ളി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന കുളക്കര മേളം ഭക്തിസാന്ദ്രമായി. നൂറുകണക്കിന് ഭക്തജനങ്ങള്‍ ഏറെ ആവേശത്തോടെയാണ് കുളക്കര മേളം ആസ്വദിക്കാനായി എത്തിയത്. കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ നേതൃത്വത്തിലാണ് മേളം നടന്നത്.

ക്ഷേത്രക്കുളത്തിന്റെ കരയില്‍ വച്ച് നടക്കുന്ന മേളമാണ് കുളക്കര മേളം. എളാട്ടേരിയില്‍ നിന്ന് കൊണ്ടംവള്ളി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് കുളക്കരയിലെത്തുമ്പോഴാണ് മേളം. വൈകീട്ട് ഏഴരയോടെ ആരംഭിച്ച മേളം ഒന്നര മണിക്കൂറിലേറെ നീണ്ടു. 150 ഓളം വാദ്യകലാകാരന്മാരാണ് മേളത്തിനായി അണിനിരന്നത്. മേളത്തിന് ശേഷം ഗംഭീര വെടിക്കെട്ടും ഉണ്ടാകും.

55 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൊണ്ടംവള്ളി അയ്യപ്പക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നത്. 1967 ലാണ് ഇതിന് മുമ്പ് ഇവിടെ അവസാനമായി ഉത്സവം നടന്നത്. അന്ന് ആറോ ഏഴോ ആനകളുടെ അകമ്പടിയോടെ ഗംഭീരമായാണ് ഉത്സവം നടത്തിയിരുന്നതെന്നാണ് പഴമക്കാര്‍ പറയുന്നത്.

ഭൂപരിഷ്‌കരണം നിലവില്‍ വന്നതിനെ തുടര്‍ന്ന് ഊരാളന്മാര്‍ തമ്മിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് പണ്ട് ഉത്സവം മുടങ്ങിയത്. പിന്നീട് മൂന്ന് വര്‍ഷം മുമ്പ് ക്ഷേത്രം മലബാർ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുകയായിരുന്നു. ജനകീയകമ്മിറ്റിയും നിലവില്‍ വന്നു.

നാളെ കൊണ്ടംവള്ളി ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി പള്ളിവേട്ടയും പടിഞ്ഞാറേ നടയിലേക്ക് എഴുന്നള്ളത്തും നടക്കും. മറ്റന്നാള്‍ ഉച്ചയ്ക്ക് നടക്കുന്ന ആറാട്ട് സദ്യയോടെ ഉത്സവത്തിന് സമാപനമാകും.

(ചിത്രങ്ങൾ: ജോണി എംപീസ്)