‘കടലോളങ്ങള്‍ക്ക് മുകളില്‍ ചാഞ്ചാടുന്ന നവ്യാനുഭവം’; ബേപ്പൂര്‍ ബീച്ചിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജ് കാണാനെത്തിയ കൊയിലാണ്ടിക്കാരുടെ വീഡിയോ കാണാം
കൊയിലാണ്ടി: കേരളത്തിലെ ആദ്യ ഫ്‌ളോട്ടിങ് ബ്രിഡ്ജാണ് കോഴിക്കോട് ബേപ്പൂരിലെ മെറീന ബീച്ചില്‍ ഒരുക്കിയിരിക്കുന്നത്. ഓരോ ദിവസവും നിരവധി പേരാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജ് എന്ന പുതിയ അനുഭവം ആസ്വദിക്കാനായി ഇവിടേക്ക് ഒഴുകിയെത്തുന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയ ഫ്‌ളോട്ടിങ് ബ്രിഡ്ജ് കഴിഞ്ഞ ദിവസമാണ് വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നത്.
കൊയിലാണ്ടിയില്‍ നിന്നും നിരവധി പേര്‍ ഓളപ്പരപ്പുകള്‍ക്ക് മുകളില്‍ ഒഴുകി നടക്കാനായി ബേപ്പൂരേക്ക് എത്തുന്നുണ്ട്. അത്തരത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് കാണാനെത്തിയതാണ് കൊയിലാണ്ടി കൊല്ലം പതിനേഴാം മൈല്‍സിലെ കൃഷ്ണന്‍.
ചൊവ്വാഴ്ച ഉച്ച തിരിഞ്ഞാണ് കൃഷ്ണനും ഭാര്യ പ്രേമജയും സുഹൃത്ത് സുനിലയും ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ വിസ്മയാനുഭവം ആസ്വദിക്കാനായി എത്തിയത്. രണ്ടരയോടെ മൂവരും ഫ്‌ളോട്ടിങ് ബ്രിഡ്ജില്‍ കയറി.
സേഫ്റ്റി ജാക്കറ്റ് ഉള്‍പ്പെടെയുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉറപ്പുവരുത്തിയാണ് സന്ദര്‍ശകരെ ഫ്‌ളോട്ടിങ് ബ്രിഡ്ജിലേക്ക് കടത്തി വിടുന്നത്. അറബിക്കടലിന്റെ ഓളപ്പരപ്പുകള്‍ക്ക് മുകളില്‍ ഒഴുകി നടക്കുന്ന പുതിയ അനുഭവം വളരെ മികച്ചതാണെന്ന് കൃഷ്ണന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ഫ്‌ളോട്ടിങ് ബ്രിഡ്ജില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ വായനക്കാര്‍ക്ക് താഴെ കാണാം. തിരയടിക്കുന്ന സമയത്ത് അവിടത്തെ ജീവനക്കാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തി സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ചില ദൃശ്യങ്ങള്‍ അദ്ദേഹം തന്നെ പകര്‍ത്തിയതുമാണ്.
ഉച്ചതിരിഞ്ഞുള്ള സമയം ആളുകള്‍ കുറവായതിനാല്‍ തങ്ങള്‍ക്ക് കുറേ സമയം ഫ്‌ളോട്ടിങ് ബ്രിഡ്ജിന് മുകളില്‍ ചിലവഴിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരാള്‍ക്ക് നൂറ് രൂപ എന്ന നിരക്കിലാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജിലേക്ക് പ്രവേശനം.
ആനക്കുളം റെയില്‍വേ ഗെയിറ്റിലെ ജീവനക്കാരനാണ് കൃഷ്ണന്‍. നേരത്തേ ഇദ്ദേഹം സൈന്യത്തിലായിരുന്നു. സൈന്യത്തിലെ സേവനത്തിന് ശേഷമാണ് അദ്ദേഹം റെയില്‍വേ ജീവനക്കാരനായത്.