111-ാം വര്‍ഷത്തിലേക്ക് ആന്തട്ട ജി.യു.പി സ്കൂള്‍; ‘ഊഷ്മളം 25’ 17,18 തീയതികളില്‍, ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്
കൊയിലാണ്ടി: ആന്തട്ട ജി. യു. പി സ്കൂളിന്റെ 111-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ‘ഊഷ്മളം 25’ ആഘോഷപരിപാടികള്‍ 17,18 തീയതികളില്‍ നടക്കും. കിഡ്സ്ഫെസ്റ്റ്, അനുമോദനസദസ്സ്, കരോക്കെ ഗാനമേള, കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാവിരുന്ന്, യാത്രയയപ്പ് സമ്മേളനം എന്നിവയാണ് ഈ ദിവസങ്ങളില്‍ നടക്കുക.
ജനുവരി 17ന് പ്രീപ്രൈമറി വിദ്യാർഥികൾക്കായുള്ള കിഡ്സ്ഫെസ്റ്റ് മുൻപ്രധാനാധ്യാപികയും പ്രശസ്ത സാഹിത്യകാരിയുമായ ജാനമ്മ കുഞ്ഞുണ്ണി ഉച്ചക്ക് 2 മണിക്ക് ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മഞ്ജു, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ഇതേ വേദിയിൽ ഉപജില്ലാ, ജില്ലാ തുടങ്ങി വിവിധ മേളകളിൽ വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും. തുടര്‍ന്ന് കുരുന്നുകളുടെ കലാവിരുന്നും, വിദ്യാലയവും നാടും ഒരുമിക്കുന്ന കരോക്കെ ഗാനമേളയും അരങ്ങേറും.
ജനുവരി 18ന് രാവിലെ മുതൽ സ്കൂൾ വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ അരങ്ങേറും. വൈകീട്ട് 5:30ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്യും. ചെങ്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ അധ്യക്ഷയാവും.
പ്രമുഖ ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. കെ.എം അനിൽ മുഖ്യഭാഷണം നടത്തും. സ്കൂളിൽ നിന്നും വിരമിക്കുന്ന പി.ജയകുമാറിന് അധ്യാപക രക്ഷകർത്തൃ സമിതിയും ആന്തട്ട പൗരാവലിയും ചേര്‍ന്ന് യാത്രയയപ്പ് നല്‍കും. മാതൃഭൂമി സ്കൂൾ കോർഡിനേറ്റർ എന്ന നിലയിൽ ശ്രദ്ധേയവും പുരസ്കരിക്കപ്പെട്ടതുമായ മികച്ച കാർഷിക പ്രവർത്തനങ്ങളിലൂടെ ജി.യു.പി.എസ് ആന്തട്ടയെ പ്രശസ്തമാക്കിയ അധ്യാപകനാണ് ജയകുമാർ.
വാർഷികാഘോഷങ്ങളുടെ ഭാഗമായി ജനുവരി 4ന് ജെ.ആർ.സി കേഡറ്റുകൾക്കും അഭിനയതല്പരരായ മറ്റു കുട്ടികൾക്കുമായി ഏകദിന നാടക പാഠശാല സംഘടിപ്പിച്ചിരുന്നു. ഒപ്പം ജനുവരി 6ന് രക്ഷകർത്തൃ സംഗമത്തിൽ ‘പോസിറ്റീവ് പേരന്റിങ്’ എന്ന വിഷയത്തിൽ പഠനക്ലാസും സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ അരവിന്ദൻ.സി, എസ്.എസ്.ജി ചെയർമാൻ എം.കെ വേലായുധൻ മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് എം.പി ശ്രീനിവാസൻ, ദിപീഷ് എം.പി ( പി.ടി.എ വൈസ് പ്രസിഡണ്ട്), സ്റ്റാഫ് സെക്രട്ടറി രാജേഷ് പി.ടി.കെ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Description: Antatta GUP School for 111th year, 'Ushmalam 25' on 17th and 18th