പരിശോധന നടത്തിയത് അന്‍പതോളം വീടുകളില്‍; പയ്യോളി കീഴൂരില്‍ അനര്‍ഹമായി കൈവശം വെച്ച 15 റേഷന്‍കാര്‍ഡുകള്‍ ഉടമകളില്‍ നിന്നും പിടിച്ചെടുത്ത് കൊയിലാണ്ടി താലൂക്ക് സപ്ലെ ഓഫീസ് സംഘം
പയ്യോളി: അനര്‍ഹമായി കൈവശം വച്ച റേഷന്‍കാര്‍ഡുകള്‍ പിടിച്ചെടുത്ത് കൊയിലാണ്ടി താലൂക്ക് സപ്ലെ ഓഫീസര്‍. പയ്യോളി മുനിസിപ്പാലിറ്റിയിലെ കീഴൂരില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍കടയിലെ പരിധിയിലെ വീടുകളില്‍ നടത്തിയ പരിശോധനയിലാണ് റേഷന്‍കാര്‍ഡുകള്‍ പിടിച്ചെടുത്തത്.
50 വീടുകളില്‍ നടത്തിയ പരിശോധനയില്‍ 15 വീടുകളില്‍ നിന്നുമാണ് അനര്‍ഹമായി മഞ്ഞ റേഷന്‍കാര്‍ഡ് കൈവശം വെച്ചതെന്ന് കണ്ടെത്തിയത്. കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ ചന്ദ്രന് കുഞ്ഞിപ്പറമ്പത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് പരിശോധന നടന്നത്.
അതിദരിദ്രര്‍, അഗതി, ആശ്രയ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായുള്ള റേഷന്‍ ആനുകൂല്യങ്ങള്‍ 1000 ചതുരശ്ര അടിയില്‍ അധികം അളവിലുള്ള വീട്, കാര്‍ ഉള്‍പ്പെടെയുള്ള സുഖസൗകര്യങ്ങള്‍ അനുഭവിക്കുന്നവരെയാണ് അനര്‍ഹരായി കണ്ടെത്തിയതെന്ന് അധികൃതര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ഇവരില്‍ നിന്നും കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ കമ്പോള വില ഈടാക്കാനും, പ്രോസിക്യൂഷന് ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന ഊര്‍ജിതമാക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ നാരായണന് ഒ.കെ, ശ്രീനിവാസന് പുളിയുള്ളതില്‍, ബിജു കെ.കെ, ശ്രീജു എം, സുനില്‍ കുമാര്‍ എസ് ജീവനക്കാരനായ ശ്രീജിത്ത് കുമാര്‍ കെ.പി എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.