സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിവരെ അടച്ചിടും


കോഴിക്കോട്: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഇന്ന് രാവിലെ ആറ് മുതല്‍ 12മണിവരെ അടച്ചിടും. സ്വകാര്യ ടാങ്കര്‍ തൊഴിലാളികള്‍ പമ്പ് ഉടമകളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് നടപടി. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്സാണ് പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. ശനിയാഴ്ച രാവിലെ എലത്തൂര്‍ എച്ച്.പി.സി.എല്‍ ഡിപ്പോയില്‍ ചര്‍ച്ചക്ക് എത്തിയ പെട്രോളിയം ഡീലേഴ്സ് ഭാരവാഹികളെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ കൈയേറ്റം ചെയ്തിരുന്നു.

അതേസമയം, വിഷയം അടിയന്തരമായി പരിഹരിക്കാന്‍ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് നിര്‍ദേശം നല്‍കി. പമ്പുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാതെ ഇരു വിഭാഗവും പ്രശ്നം പരിഹരിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ടാങ്കര്‍ ലോറി തൊഴിലാളികള്‍ പമ്പുടമകളില്‍നിന്നു ‘കാപ്പിക്കാശ്’ വാങ്ങുന്നത് നിയമപരമായോ ആധികാരികതയോടെയോ അല്ലാത്ത സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച ആവശ്യമില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.