കൂടരഞ്ഞിയില്‍ ജനവാസ മേഖലയില്‍ കാട്ടാടിന്റെ ജഡം; പുലി തിന്നതിന്റെ അവശിഷ്ടമെന്ന് സംശയം
കൂടരഞ്ഞി: കൂടരഞ്ഞിയില്‍ പുലിയിറങ്ങിയതായി സംശയം. പെരുമ്പുള സ്രാമ്പിക്കലില്‍ കാട്ടാടിന്റെ അവശിഷ്ടങ്ങള്‍ കണ്ടതാണ് സംശയത്തിന് ഇടയാക്കിയത്. കൂരിയാടിന് സമീപത്തായാണ് ജഡം കണ്ടെത്തിയത്.
അങ്ങാടിക്ക് സമീപം താമസിക്കുന്ന അഗസ്റ്റ്യന്‍ മുള്ളൂരിന്റെ പറമ്പില്‍ പണിയെടുക്കുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് കാട്ടാടിന്റെ ജഡം കണ്ടത്. ഉടനെ വനംവകുപ്പിലും പഞ്ചായത്ത് ഓഫീസിലും വിവരമറിയിക്കുകയായിരുന്നു. പുലി ഭക്ഷിച്ച കാട്ടാടാണിതെന്നും ജഡത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നുമാണ് വനംവകുപ്പ് അധികൃതര്‍ പറഞ്ഞത്.
കഴിഞ്ഞയാഴ്ച പ്രദേശത്ത് പുലിയുടെ സാന്നിധ്യം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയില്‍ പുലിയുടെ കാല്‍പ്പാടുകളും കാഷ്ടവും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പുലിയെ പിടിക്കുന്നതിനായി ഈ മേഖലയില്‍ കൂട് സ്ഥാപിച്ചിരുന്നു. ഇതിന്റെ ഒരു കിലോമീറ്റര്‍ അകലെയായായാണ് കാട്ടാടിന്റെ ജഡം കണ്ടെത്തിയത്.