സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ടീമുകള്‍ തയ്യാര്‍: 43ാമത് എ.കെ.ജി ഫുട്‌ബോള്‍ മേളയ്‌ക്കൊരുങ്ങി കൊയിലാണ്ടി
കൊയിലാണ്ടി: 43ാമത് എ.കെ.ജി ഫുട്‌ബോള്‍ മേളയ്ക്കായുള്ള ഒരുക്കങ്ങള്‍ കൊയിലാണ്ടി സ്‌റ്റേഡിയത്തില്‍ പൂര്‍ത്തിയായി. ജനുവരി 12ന് വൈകുന്നേരം ആറുമണിക്ക് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ മേള ഔപചാരികമായി ഉദ്ഘാടനം ചെയ്യും.
ഇത്തവണ എ.കെ.ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫുട്‌ബോള്‍ മേളയായാണ് നടത്തുന്നത്. മേളയില്‍ മൂന്ന് ടൂര്‍ണമെന്റുകളിലായി 32 ടീമുകള്‍ മത്സരത്തിനിറങ്ങും. പ്രധാന ടൂര്‍ണമെന്റില്‍ എട്ട് ടീമുകളാണുള്ളത്. നേതാജി എഫ്.സി കൊയിലാണ്ടിയും ബ്ലാക്ക്‌സണ്‍ തിരുവോടും തമ്മിലാണ് ഉദ്ഘാടന ദിവസത്തെ മത്സരം. ജ്ഞാനോദയം ചെറിയമങ്ങാടും ഓസ്‌കാര്‍ എളേറ്റിലും ജനുവരി 14നും ജനറല്‍ എര്‍ത്ത് മൂവേഴ്‌സ് കൊയിലാണ്ടിയും എഫ്.സി പാറക്കല്‍ താഴെയും ജനുവരി 16നും ചെല്‍സി വെള്ളിപറമ്പും ട്രാവല്‍ ഗൈഡ് കൊയിലാണ്ടിയും ജനുവരി 19നും ഏറ്റുമുട്ടും. ജനുവരി 21നും 23നുമാണ് സെമി ഫൈനല്‍. ജനുവരി 26നാണ് ഫൈനല്‍ മത്സരം.
അണ്ടര്‍ 17 ജില്ലാതല ടൂര്‍ണമെന്റും മേളയുടെ ഭാഗമായി നടക്കും. 18നാണ് ഈ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരം. എട്ട് ടീമുകളാണ് ഈ വിഭാഗത്തില്‍ മത്സരിക്കുന്നത്. ഈ ടൂര്‍ണമെന്റ് സച്ചിന്‍ദേവ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഇതിന് പുറമേ കൊയിലാണ്ടിയിലെയും പരിസരത്തെയും പ്രാദേശിക ടീമുകളുടെയും മത്സരം നടക്കും. 16 ടീമുകളാണ് ഈ വിഭാഗത്തിലുള്ള ടൂര്‍ണമെന്റില്‍ പോരിനിറങ്ങുന്നത്.
സമാപന പരിപാടി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഫുട്‌ബോള്‍ താരം സി.കെ.വിനീത് മുഖ്യാതിഥിയാവും. മേളയ്ക്കായി സ്റ്റേഡിയം തയ്യാറായിക്കഴിഞ്ഞു. രാത്രിയാണ് മത്സരങ്ങള്‍. ഫ്‌ളഡ് ലൈറ്റുകള്‍ സ്ഥാപിക്കല്‍ പ്രവൃത്തി പൂര്‍ത്തിയായി.
കൊയിലാണ്ടിയിലെയും പരിസര പ്രദേശങ്ങളിലെയും കായിക പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൂര്‍ണമെന്റാണ് എ.കെ.ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റ്. ഫുട്‌ബോള്‍ താരങ്ങളായ ഐ.എം.വിജയന്‍, യു.ഷറഫലി, ആസിഫ് സഹീര്‍ തുടങ്ങിയ താരങ്ങള്‍ മുമ്പ് എ.കെ.ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മാറ്റുരച്ചവരാണ്.