‘ക്ഷീണിച്ചിരിക്കുമ്പോഴും ആശുപത്രി കിടക്കയില്‍ നിന്നും അദ്ദേഹമെത്തി, എന്റെ പാട്ടുപാടാനായി’; ജയചന്ദ്രന്റെ ഓർമ്മകളില്‍ പന്തലായനി സ്വദേശിയായ സുനില്‍കുമാർ
കൊയിലാണ്ടി: മലയാളത്തിന്റെ ഭാവസാന്ദ്രമായ ശബ്ദസാന്നിധ്യം പി.ജയചന്ദ്രന്റെ വിയോഗവാർത്തയറിഞ്ഞപ്പോള്‍ പഴയ കുറേ ഓർമ്മകളിലായിരുന്നു ഞാന്‍. സംഗീതത്തെ ഹൃദയത്തില്‍ ചേർത്തുനിർത്തുന്ന ഒരാളെ സംബന്ധിച്ച് ജയചന്ദ്രനെപ്പോലൊരു ലെജന്റിനൊപ്പം പ്രവർത്തിക്കാന്‍ കഴിയുകയെന്നത് വലിയ ഭാഗ്യമാണ്. ആ ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. പി ജയചന്ദ്രനൊപ്പമുള്ള ഓർമ്മകൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവെച്ച് പന്തലായനി സ്വദേശിയായ സുനില്‍കുമാർ.
പിന്നീട് കുറച്ചുകാലം ഞാന്‍ കുവൈറ്റിലായിരുന്നു. ബ്രിട്ടീഷ് മ്യൂസിക് അക്കാദമിയില്‍ വയലിന്‍ പരിശീലകനായി ജോലി ചെയ്ത സമയം. അവിടെ അദ്ദേഹത്തിന്റെ പരിപാടികളുടെ ഭാഗമാകാന്‍ പറ്റി. സംഗീതത്തോട് വല്ലാത്ത അഭിനിവേശമുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹം. ഏത് വയ്യായ്കയിലും പാട്ടിനുവേണ്ടി ഉഷാറാവുന്ന മനുഷ്യന്‍. ശരീരം തളർന്ന്, ശബ്ദം ക്ഷീണിച്ചപ്പോഴും പാടാന്‍ വയ്യെന്ന് മാത്രം പറയാന്‍ കഴിയാത്തയാള്‍.
ഒരുവർഷം മുന്പ് തൃശൂരിലെ തൃപ്പയ്യ ക്ഷേത്രത്തിനുവേണ്ടി ഒരു ഭക്തിഗാനത്തിന് സംഗീതം നല്‍കാന്‍ അവസരം ലഭിച്ചു. ഒരു ആല്‍ബത്തിനുവേണ്ടിയായിരുന്നു ഇത്. മധുബാലകൃഷ്ണന് പാടാനായി രണ്ട് ഗാനങ്ങള്‍ സംഗീതം ചെയ്തിരുന്നു. അതിലൊന്ന് ജയചന്ദ്രനെക്കൊണ്ട് പാടിക്കാമെന്ന അഭിപ്രായം വന്നു. കാണാനായി ചെന്നപ്പോള്‍ അദ്ദേഹം ആശുപത്രി കിടക്കയിലായിരുന്നു. വല്ലാതെ ക്ഷീണിച്ചിട്ടുണ്ട്, പ്രായത്തിന്റേതായ തളർച്ച ബാധിച്ചിട്ടുണ്ട്. എങ്കിലും ഞങ്ങളെ നിരാശപ്പെടുത്തിയില്ല. ഒരാഴ്ച കഴിഞ്ഞ് വരാമെന്ന് പറഞ്ഞു.
Also Read: ഭാവഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു
തൃശൂരില്‍ തന്നെയായിരുന്നു റെക്കോർഡിങ്. അദ്ദേഹം വാക്കുപാലിച്ചു. അദ്ദേഹത്തിന് പാടാനുള്ള സൌകര്യത്തിനായി പാട്ടില്‍ ചില മാറ്റങ്ങള്‍ വരുത്തി. ആ പാട്ട് യാഥാർത്ഥ്യമായി. അദ്ദേഹത്തിന്റെ തളർച്ചയും ക്ഷീണവും അതില്‍ കാണാമെങ്കിലും ആ അവസ്ഥയിലും പാട്ടിനുവേണ്ടി അദ്ദേഹം കാണിച്ച ഉത്സാഹം അത്ഭുതപ്പെടുത്തി.
ആ ശബ്ദം എന്നും മലയാളികളുടെ കൂടെയുണ്ടാവും. അദ്ദേഹത്തെ ഓരോദിവസവും ഇനിയും നമ്മള്‍ കേള്‍ക്കും, പാടിവെച്ച നൂറുകണക്കിന് പാട്ടുകളിലൂടെ. മഹാനായ ആ ഗായകന് ആദരാഞ്ജലികള്‍. അദ്ദേഹത്തിനൊപ്പം സംഗീതവഴിയില്‍ നടക്കാനായതില്‍ അഭിമാനം.
Summary: He came from the hospital bed to sing to me; Pantalayani native Sunil Kumar in Jayachandran’s memories