കോഴിക്കോട് ജില്ലയില്‍ 541 സര്‍ക്കാര്‍ ഓഫീസുകളില്‍ ഈ മാസം അവസാനത്തോടെ കെ-ഫോണ്‍; കൊയിലാണ്ടിയിലെ റെയില്‍പ്പാതയ്ക്ക് അടിയിലൂടെ കേബിള്‍ സ്ഥാപിക്കുന്ന പ്രവൃത്തി ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാവും
കൊയിലാണ്ടി: സര്‍ക്കാറിന്റെ അതിവേഗ ഇന്റര്‍നെറ്റ് പദ്ധതിയായ കെ-ഫോണിന്റെ കണക്ഷന് പരീക്ഷണാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നല്‍കുന്നത് പുരോഗമിക്കുന്നു. കോഴിക്കോട് ജില്ലയിലെ 541 സര്‍ക്കാര്‍ ഓഫീസുകളില്‍ ഈ മാസം അവസാനത്തോടെ കെ-ഫോണ്‍ കണക്ഷന് നല്‍കും. ആദ്യഘട്ടത്തില്‍ നഗരകേന്ദ്രീകൃതമായ ഓഫീസുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ സേവനം നല്‍കുന്നത്.
500 ഓഫീസുകളില്‍ ഇപ്പോള്‍ത്തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ കെ-ഫോണിന്റെ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. 14 ജില്ലകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള കോര്‍ റിങ്ങിന്റെ ഭാഗമായ നഗരപ്രദേശങ്ങളിലെ ഓഫീസുകളിലാണ് നിലവില്‍ കണക്ഷന് നല്‍കിയത്.
കൊയിലാണ്ടിയില്‍ റെയില്‍പ്പാതയ്ക്കടിയിലൂടെ കേബിളിടുന്ന ജോലി പൂര്‍ത്തിയാകാത്തതിനാലാണ് 41 ഓഫീസുകളില്‍ കെ-ഫോണ്‍ സൗകര്യം വൈകുന്നത്. റെയില്‍വേയുടെ അനുമതി ലഭിച്ചിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കകം ആ ജോലി കഴിയുമെന്നും കെ-ഫോണ്‍ ജില്ലാ പ്രോജക്ട് ഓഫീസര്‍ പറഞ്ഞു.
സിഗ്നലിന്റെ ശേഷി, ഗുണനിലവാരം, എന്തെങ്കിലും തടസ്സങ്ങളുണ്ടാകുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപയോഗഘട്ടത്തില് പരിശോധിക്കുന്നത്. തൃപ്തികരമെന്നുകണ്ടാല്‍ ജൂണില്‍ത്തന്നെ സ്ഥിരം കണക്ഷന് നല്‍കാനാവുമെന്നാണ് പ്രതീക്ഷ.
ഒന്നാംഘട്ടത്തില്‍ 429.8 കിലോമീറ്റര്‍ കേബിളാണ് ജില്ലയില്‍ ഇടാന്‍ തീരുമാനിച്ചിരുന്നത്. അതില്‍ 428.8 കിലോമീറ്റര്‍ പൂര്‍ത്തിയായി. കൊയിലാണ്ടിയിലെ പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ ഇത് മുഴുവനാകും.
രണ്ടാംഘട്ടത്തില്‍ 200 കിലോമീറ്റര്‍ കേബിളാണ് ഇടേണ്ടത്. അതില്‍ ആയിരത്തോളം കിലോമീറ്ററിലെ ജോലികള്‍ പൂര്‍ത്തിയായി. ഗ്രാമപ്രദേശങ്ങളിലേക്കും സാധാരണക്കാരിലേക്കും കെ-ഫോണ്‍ സൗകര്യം എത്തണമെങ്കില്‍ ഇതിന്റെ പണികള്‍ പൂര്‍ണമാവണം.