കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിന്റെ നടത്തിപ്പിനായി ധനസമാഹരണം; സംഘാടകസമിതി രൂപീകരിച്ചു


കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഡയാലിസിസ് സെന്ററിന്റെ നടത്തിപ്പിനായി ജനകീയധനസമാഹരണം നടത്താനായി സംഘാടകസമിതി രൂപീകരിച്ചു. മെയ് ആറ്, ഏഴ്, എട്ട് തിയ്യതികളിലാണ് ധനസമാഹരണം നടത്തുക. കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്ത യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ അധ്യക്ഷയായി.

ഒൻപത് മെഷീനുകളിൽ ഒരു ഷിഫ്റ്റിൽ 18 പേർക്കാണ് നിലവിൽ ഡയാലിസിസ് ചെയ്യുന്നത്. മൂന്നു ഷിഫ്റ്റിലായി 60 പേർക്ക് ഡയാലിസിസ് സൗകര്യമൊരുക്കുന്നതിനായി വർഷത്തിൽ ഒരുകോടി രൂപയിലധികം ചെലവുവരും. ഇൻഷുറൻസ് തുകയും നഗരസഭ ഫണ്ടുംമാത്രം ഇതിനു മതിയാവില്ല. ഡയാലിസിസ് സെന്റർ മൂന്നു ഷിഫ്റ്റുകളിലായി നടത്തുന്നതിനുവേണ്ടിയാണ് ജനകീയ ധനസമാഹരണം നടത്തുന്നത്.

വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, മുൻ എം.എൽ.എ  കെ.ദാസൻ, വിവിധ രാഷ്ടീയപാർട്ടി പ്രതിനിധികൾ, എച്ച്.എം.സി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികളായി കാനത്തിൽ ജമീല എം.എൽ.എ (ചെയർമാൻ), നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ (വർക്കിങ്‌ ചെയർമാൻ), കെ.ദാസൻ (ജനറൽ കൺവീനർ), ആശുപത്രി സൂപ്രണ്ട് ഡോ.ഷീല ഗോപാലകൃഷ്ണൻ (ട്രഷറർ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.