ജില്ലയിൽ തീപിടുത്തം വർദ്ധിക്കുന്നു; കൊയിലാണ്ടി, പേരാമ്പ്ര, വടകര, മുക്കം പ്രദേശങ്ങളിൽ അഗ്നി സുരക്ഷ സംവിധാനങ്ങൾ പുതുക്കാതെ മുപ്പത്തിമൂന്നോളം കെട്ടിടങ്ങൾ; വേണം അതീവ ജാഗ്രത
കോഴിക്കോട്: ജില്ലയിലെ 140 ബഹുനില കെട്ടിടങ്ങള്‍ക്ക് മതിയായ അഗ്നിസുരക്ഷ സംവിധാനങ്ങളില്ലെന്ന് കണ്ടെത്തല്‍. ജില്ല ഫയര്‍ ഓഫിസര്‍ മൂസ വടക്കേത്തിലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
അഗ്നിസുരക്ഷാ സംവിധാനങ്ങളില്ലാത്ത കെട്ടിടങ്ങളില്‍ 107 എണ്ണം നഗരപരിധിയിലും 33 എണ്ണം റൂറല്‍ മേഖലയിലുമാണ്. സിറ്റി പരിധിക്ക് പുറത്ത് മുക്കം, വടകര, കൊയിലാണ്ടി, പേരാമ്പ്ര അഗ്നിരക്ഷ സേന ഓഫിസ് പരിധിയില്‍ 33 കെട്ടിടങ്ങളുടെ അഗ്നി സുരക്ഷ സംവിധാനവും പുതുക്കിയിട്ടില്ല.
നിര്‍മാണ സമയത്ത് തദ്ദേശ സ്ഥാപനങ്ങളുടെ നമ്പറടക്കം ലഭിക്കാന്‍ സ്ഥാപിച്ച സുരക്ഷ സംവിധാനങ്ങള്‍ പല കെട്ടിടത്തിലുമുണ്ടെങ്കിലും ഇവ പുതുക്കിയിട്ടില്ല. മതിയായ അറ്റകുറ്റപ്പണി നടത്തി വര്‍ഷാവര്‍ഷം അഗ്നി സുരക്ഷ സേനയുടെ നിരാക്ഷേപ പത്രം (എന്‍.ഒ.സി) ഉള്‍പ്പെടെ വാങ്ങണമെന്ന നിബന്ധനയാണ് പാലിക്കാത്തത്. പരിശോധന നടത്തിയ ചില കെട്ടിടങ്ങളില്‍ ഫയര്‍ ഹൈഡ്രന്റുകളടക്കം പ്രവര്‍ത്തന രഹിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഫ്ലാറ്റുകളിലും വാണിജ്യ കെട്ടിടങ്ങളിലും ഫയര്‍ ഹൈഡ്രന്റുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നതിനുപുറമെ, അഗ്നിരക്ഷ സേനയുടെ വാഹനത്തിന് പെട്ടെന്ന് കെട്ടിടത്തിന്റെ മുറ്റംവരെ എത്താന്‍ കഴിയണമെന്നതടക്കമുള്ള നിബന്ധനകളും പലയിടത്തും പാലിക്കപ്പെടുന്നില്ല. ഇതെല്ലാം ചെറിയ തീപിടിത്തംപോലും വലിയ ദുരന്തത്തിന് കാരണമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കെട്ടിടത്തിന്റെ പുറംഭാഗത്തുകൂടിയുള്ള കോണിപ്പടികളില്‍ തടസ്സങ്ങളടക്കമുള്ള നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അടിക്കടി തീപിടിത്തങ്ങളുണ്ടായതോടെ ജനുവരിയില്‍ വിളിച്ചുചേര്‍ത്ത ജില്ല ദുരന്ത നിവാരണ സമിതി യോഗത്തില്‍ ജില്ലയിലെ കെട്ടിടങ്ങളുടെ ഫയര്‍ ഓഡിറ്റ് നടത്താന്‍ ജില്ല കലക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഫയര്‍ ഓഫീസര്‍ പരിശോധന നടത്തിയത്.
ഉയരത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിടങ്ങളെ 16 -24, 24 -40, 40 -60, 60 മീറ്ററിന് മുകളില്‍ എന്നിങ്ങനെ നാല് കാറ്റഗറിയായി തിരിച്ചായിരുന്നു പരിശോധന. നഗരപരിധിയില്‍ കോഴിക്കോട് ബീച്ച്, മീഞ്ചന്ത, വെള്ളിമാട്കുന്ന് എന്നീ അഗ്നി രക്ഷ സ്റ്റേഷനുകളുടെ പരിധിയിലായി 250 കെട്ടിടങ്ങളാണ് പരിശോധിച്ചത്. ഇവയില്‍ 107 കെട്ടിടങ്ങളാണ് അഗ്നിസുരക്ഷ സംവിധാനങ്ങള്‍ പുതുക്കിയില്ലെന്ന് കണ്ടെത്തിയത്.
അഗ്നിസുരക്ഷ സംവിധാനം പൂര്‍ണ പരാജയമായ ചില കെട്ടിടങ്ങളുടെ വിവരങ്ങളടക്കമുള്ള വിശദ റിപ്പോര്‍ട്ട് ജില്ല കലക്ടറുടെ പരിഗണനയിലാണുള്ളത് എന്നാണ് വിവരം. കലക്ടറാണ് വിഷയത്തില്‍ തുടര്‍ നടപടി സ്വീകരിക്കേണ്ടത്. വര്‍ഷങ്ങള്‍ക്കുമുമ്പ് സമാന രീതിയില്‍ കെട്ടിടങ്ങളുടെ ഫയര്‍ ഓഡിറ്റ് നടത്തി പട്ടിക തയാറാക്കിയിരുന്നുവെങ്കിലും തുടര്‍ നടപടി സ്വീകരിച്ചിരുന്നില്ല.