‘എന്റെ പത്രാധിപര്‍”; എം.ടി പത്രാധിപരായിരിക്കെ മാതൃഭൂമിയില്‍ ജോലിയില്‍ പ്രവേശിച്ച ആ ദിവസം; മന്ദമംഗലം സ്വദേശി കെ.കെ.രവി എഴുതുന്നു


എം.ടി മാതൃഭൂമി പത്രാധിപരായിരിക്കുന്ന കാലത്ത് 1998 മാര്‍ച്ച് മാസത്തിലാണ് ഞാന്‍ മാതൃഭൂമി എഡിറ്റോറിയല്‍ വിഭാഗത്തില്‍ ആര്‍ട്ടിസ്റ്റായി ജോയിന്റ് ചെയ്യുന്നത്. ഗൃഹലക്ഷ്മിയിലായിരുന്നു ആദ്യ പോസ്റ്റിംങ്. അന്ന് എം.ടിയില്ലായിരുന്നു. പിറ്റെ ദിവസം ഗൃഹലക്ഷ്മി എഡിറ്റര്‍ പറഞ്ഞു: എം.ടി.വന്നിട്ടുണ്ട്, പോയി കാണണം. മാസികകളിലൂടെ വായിച്ചറിഞ്ഞ ആരാധിക്കുന്ന എം.ടിയെ നേരില്‍ കാണുന്ന ആദ്യ അവസരം വരികയാണ്.

[mid]

ഭയാശങ്കകളോടെ Appointment order ഉം കൈയില്‍ പിടിച്ച് മുറിയിലേക്ക് കടന്നു. ഭയാശങ്കകള്‍ കൊണ്ട് എന്റെ ഹൃദയമിടിപ്പ് കൂടി. ഒരു വിറയല്‍ എന്നെ ബാധിച്ചു. എന്തോ വായിച്ച് കൊണ്ട് ഗൗരവത്തോടെ സീറ്റില്‍ ചാരിയിരിക്കുകയാണ് ആ അതുല്യ എഴുത്തുകാരന്‍!

‘ഞാന്‍ രവി . പുതിയതായി ജോയിന്റ് ചെയ്തതാണ് – ആര്‍ട്ടിസ്റ്റ് ആയി ‘ ഞാന്‍ പറഞ്ഞു.
ഒന്ന് നോക്കി.
‘ഞാന്‍ ഓര്‍ഡര്‍ കണ്ടിരുന്നു. ഗൃഹലക്ഷ്മിയിലല്ലേ ?’
‘അതെ’
‘ഉം. ശരി’

തീര്‍ന്നു. ഇനി എന്തെങ്കിലും ചോദിക്കുമോ എന്ന് കരുതി നിന്ന എന്നോട് അറ്റന്‍ഡര്‍ പോയ്‌ക്കോളൂ എന്ന് ആംഗ്യം കാണിച്ചു.

നിരാശനനായി സെക്ഷനില്‍ തിരിച്ചെത്തിയ എന്നോട് എം.ടി എന്തു പറഞ്ഞു എന്നാണ് എല്ലാവരും ചോദിച്ചത്. ഞാന്‍ ഓര്‍ഡര്‍ കണ്ടു എന്നുമാത്രമാണ് പറഞ്ഞത് എന്ന് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞത് – ‘നീ ഭാഗ്യവനാണ്. വെറും ഒരു മൂളല്‍ മാത്രം കേട്ട് വന്നവരാണ് ഇവിടത്തെ സബ് എഡിറ്റര്‍മാരിലധികം പേരും.

വാക്കുകളുടെ അക്ഷയ ഖനി മനസില്‍ സൂക്ഷിക്കുന്ന എഴുത്തിന്റെ പെരുന്തച്ചന്‍ സംസാരത്തില്‍ പിശുക്കനാണ് എന്നത് എന്നെ അത്ഭുതപ്പെടുത്തിയ അറിവായിരുന്നു.

അക്ഷരങ്ങളുടെ മഹാനുഭാവന് ആദരാഞ്ജലികള്‍