പൊടിയില്‍ മുങ്ങി പയ്യോളി പെരുമാള്‍പുരം; യാത്രക്കാരുടെ നടുവൊടിച്ച് കുണ്ടുംകുഴിയും, എന്ന് തീരും ഈദുരിതമെന്ന് യാത്രക്കാര്‍
പയ്യോളി: പയ്യോളി പെരുമാള്‍പുരത്ത് യാത്ര അത്യന്തം ദുഷ്കരമാവുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള പ്രവൃത്തികളും കുഴിയും പൊടിപടലങ്ങളും കൊണ്ട് യാത്രക്കാരും നാട്ടുകാരും നേരിടുന്നത് വലിയ ബുദ്ധിമുട്ടാണ്. ടാറിങ്ങും കുഴിയടക്കല്‍ പ്രവര്‍ത്തിയും സാമാന്യം ഭേദപ്പെട്ട നിലയില്‍ നടന്നുവെങ്കിലും ഇവിടെ സ്ഥിതിക്ക് മാറ്റം വന്നിട്ടില്ല.
മാസങ്ങളായി ഹിന്ദുസ്ഥാന്‍ പെട്രോളിയം പമ്പ് മുതല്‍ പഴയ എ.ഇ.ഒ. ഓഫീസ് പരിസരം വരെ പൊടിയിലും കുഴിയിലും നിറഞ്ഞ് ദേശീയപാത യാത്രായോഗ്യമല്ലാതായിട്ട്.
മാസങ്ങളായി പെട്രോള്‍ പമ്പ് മുതല്‍ പയ്യോളി ഹൈസ്കൂളിന് സമീപം വരെ ഇരുന്നൂറ് മീറ്ററോളം ദൂരം സര്‍വീസ് റോഡ് അടച്ചിട്ടിട്ട്. മഴക്കാലത്ത് റോഡ് മുഴുവനും വെള്ളക്കെട്ടില്‍ നിറഞ്ഞ് യാത്രായോഗ്യമല്ലാതിരുന്നപ്പോള് പകരം നിര്‍മാണം പൂര്‍ത്തിയാവാത്ത ദേശീയപാത വഴി വാഹനങ്ങള്‍ വഴി തിരിച്ചുവിടുകയായിരുന്നു പതിവ്. ഇപ്പോഴാകട്ടെ സമീപത്തെ അടിപ്പാതയുടെ ഭാഗമായി മണ്ണിട്ട് ഉയര്‍ത്തേണ്ട സ്ഥലത്ത് കൂടിയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത് .
സമീപത്തെ പയ്യോളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍, സി.എച്ച്.സി. , സ്വകാര്യആശുപത്രി, മൃഗാശുപത്രി, തൃക്കോട്ടൂര്‍ യു.പി. സ്കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പോകുന്ന യാത്രക്കാരും വിദ്യാര്‍ത്ഥികളും നിത്യേന ദുരിതമനുഭവിക്കുകയാണ്. വയല്‍ കിളച്ചിട്ടതിന് സമാനമായ റോഡും അപകടങ്ങളും പൊടിപടലങ്ങളും യാത്രക്കാരെ വല്ലാതെ ബുദ്ധമുട്ടിക്കുകയാണ്.
ടാറിങ് നടത്തി ശാശ്വത പരിഹാരം കാണേണ്ട വഗാഡ് കമ്പനി ഇപ്പോള്‍ പൊടി ശല്യം ഒഴിവാക്കുന്നതിനായി ലോറിയിലൂടെ വെള്ളം ഒഴിക്കുന്ന പ്രവൃത്തിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം മഴ മാറിയിട്ടും സര്‍വീസ് റോഡ് റീടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കാന്‍ കരാറുകാരായ വഗാഡ് കമ്പനി തയ്യാറാകാത്തത് നാട്ടുകാരില്‍ പ്രതിഷേധമുയരുന്നുണ്ട്. പയ്യോളി ടൗണില്‍ സമാന സാഹചര്യം ഉണ്ടായപ്പോള്‍ ഒരു മാസം മുമ്പ് വാഹനഗതാഗതം ക്രമീകരിച്ചാണ് ഇരുസര്വീസ് റോഡുകളും റീ ടാര്‍ ചെയ്തത്. എന്നാല്‍ പെരുമാള്‍പുരം ഭാഗത്ത് ഇതുവരെയും യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. റീ ടാറിങ് നടത്താത്താതില് നിരന്തരം പരാതികള്‍ ഉന്നയിച്ചിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതിനാല്‍ നാട്ടുകാര്‍ വലിയ പ്രക്ഷോഭത്തിലാണ്.