”അന്ധകാരത്തിന്റെ ആഴിയില്‍ പെട്ടുഴലുന്ന മനുഷ്യന് അറിവിന്റെ വെളിച്ചം നല്‍കി സാംസ്‌കാരിക ഭൂമിക സമ്പന്നമാക്കേണ്ടത് വായനശാലകള്‍”; എളാട്ടേരി അരുണ്‍ ലൈബ്രറി വാര്‍ഷികാഘോഷത്തില്‍ ഷീബ മലയില്‍
ചെങ്ങോട്ടുകാവ്: ദേവലോകത്ത് നിന്ന് കവര്‍ന്നെടുത്ത അഗ്‌നി മനുഷ്യകുലത്തിന് പകര്‍ന്നേകിയ പ്രൊമിത്യൂസ് നല്‍കിയ അക്ഷര സന്ദേശം വര്‍ത്തമാന സാഹചര്യത്തില്‍ ഏറ്റെടുക്കേണ്ടത് ഗ്രന്ഥശാലകള്‍ തന്നെയാണെന്ന് ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍ അഭിപ്രായപ്പെട്ടു. കൊയിലാണ്ടി എളാട്ടേരി അരുണ്‍ ലൈബ്രറിയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. അന്ധകാരത്തിന്റെ ആഴിയില്‍ പെട്ടുഴലുന്ന മനുഷ്യന് അറിവിന്റെ വെളിച്ചം നല്‍കി സാംസ്‌കാരിക ഭൂമിക സമ്പന്നമാക്കേണ്ടത് വായനശാലകളാണ്. വായനശാലകളിലൂടെ മാത്രമേ ജനങ്ങളുടെ ബോധം നിലവാരം ഉയര്‍ത്തിക്കൊണ്ടു വരാന്‍ കഴിയുകയുള്ളൂവെന്നും അവര്‍ പറഞ്ഞു.
നിര്‍മ്മിത ബുദ്ധിയുടെ സ്വാധീനം വര്‍ത്തമാന ജീവിതത്തിന്റെ വിവിധ മേഖലകളിലേക്ക് പതുക്കെ കടന്നുവരുമ്പോള്‍ മനുഷ്യന്റെ സ്വത്വം തിരിച്ചറിയാന്‍ വായനയിലൂടെ മാത്രമേ കഴിയുകയുള്ളൂ. അവര്‍ കൂട്ടിച്ചേര്‍ത്തു. സ്വാഗതസംഘം ചെയര്‍മാന്‍ പി.ചാത്തപ്പന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങ് അക്ഷരദീപം തെളിയിച്ചു കൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗവും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ പി.വേണു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു മുതിരക്കണ്ടത്തില്‍, വാര്‍ഡ് മെമ്പര്‍ ജ്യോതിനളിനം ലൈബ്രറി സെക്രട്ടറി ഇ.നാരായണന്‍, കെ.ജയന്തി ടീച്ചര്‍, കെ.ധനീഷ്, കെ.ദാമോദരന്‍ മാസ്റ്റര്‍, എന്‍.ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.
പ്രസിദ്ധ സാഹിത്യകാരന്മാരായ യു.കെ.കുമാരന്‍, ചന്ദ്രശേഖരന്‍ തിക്കോടി, സോമന്‍ കടലൂര്‍, ഗായിക രശ്മി, പത്രപ്രവര്‍ത്തകന്‍ വിശ്വനാഥന്‍, കന്മന ശ്രീധരന്‍ മാസ്റ്റര്‍, കെ.ഗീതാനന്ദന്‍ തുടങ്ങിയവര്‍ നല്‍കിയ ശബ്ദ സന്ദേശം ഉദ്ഘാടന സമ്മേളനത്തില്‍ അവതരിപ്പിച്ചു. പ്രസിദ്ധ എഴുത്തുകാരി കെ.പി.സുധീര, കെ.സുരേഷ് തുടങ്ങിയവര്‍ ലൈബ്രറിക്ക് സമര്‍പ്പിച്ച പുസ്തകങ്ങള്‍ ലൈബ്രറി ഭാരവാഹികളായ പി.രാജന്‍, വി.കെ.ദീപ, പി.കെ.മോഹനന്‍ എന്നിവര്‍ ഏറ്റുവാങ്ങി. ലൈബ്രറി വനിതാവേദിയുടെ നേതൃത്വത്തില്‍ നടന്ന ഫ്യൂഷന്‍ ഡാന്‍സില്‍ വ്യത്യസ്ത പ്രായത്തിലുള്ള മുപ്പത് കലാകാരികള്‍ പങ്കെടുത്തു. തുടര്‍ന്ന് ഗസല്‍ ഗായിക സുസ്മിത ഗിരീഷ് അവതരിപ്പിച്ച മഞ്ഞണി പൂനിലാവ് സംഗീതം പരിപാടി അവതരിപ്പിച്ചു.
Summary: Elateri Arun Library Anniversary Celebration