പകല്‍വീട്ടിലേക്കുള്ള കെയര്‍ടേക്കറെ നിയമിച്ചതില്‍ അപാകമെന്ന് ആരോപണം; പയ്യോളി നഗരസഭയില്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ച് എല്‍.ഡി.എഫ് പ്രതിഷേധം


പയ്യോളി: പയ്യോളി നഗരസഭ ഏഴാം വാര്‍ഡിലെ പകല്‍വീട്ടിലേക്കുള്ള കെയര്‍ടേക്കറെ നിയമിച്ചത് അനധികൃതമായാണെന്ന് ആരോപിച്ച് എല്‍.ഡി.എഫ് പ്രതിഷേധം. നിയമനത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് അംഗങ്ങള്‍ നഗരസഭാ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു. കെയര്‍ടേക്കറായി ഏഴാം വാര്‍ഡില്‍ നിന്നുള്ളയാളെ നിയമിക്കാമെന്നായിരുന്നു. നഗരസഭ ചെയര്‍മാനുമായുള്ള ധാരണ. ഇതിന് വിരുദ്ധമായി 32ാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ട മഹിളാ കോണ്‍ഗ്രസ് നേതാവിനെ നിയമിച്ചതിനെതിരെയാണ് പ്രതിഷേധം.

തിങ്കളാഴ്ച കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍ ടി.അരവിന്ദാക്ഷന്‍ പ്രശ്‌നം ഉന്നയിച്ചെങ്കിലും മറുപടി നല്‍കാന്‍ ചെയര്‍മാന്‍ തയ്യാറായില്ല. തുടര്‍ന്ന് കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയ എല്‍.ഡി.എഫ് അംഗങ്ങള്‍ നഗരസഭ ഓഫീസ് കവാടത്തില്‍ ധര്‍ണ നടത്തി.

കാനത്തില്‍ ജമീല എം.എല്‍.എയുടെയും മുന്‍ എം.എല്‍.എ കെ.ദാസന്റെയും ആസ്തി വികസന ഫണ്ടില്‍നിന്ന് 54 ലക്ഷം രൂപ ചെലവിട്ടാണ് ഇരിങ്ങല്‍ റെയില്‍വേസ്റ്റേഷന്‍ റോഡരികില്‍ പകല്‍വീട് നിര്‍മിച്ചത്. ഇതിന്റെ സുഖമമായ പ്രവര്‍ത്തനത്തിനായാണ് ഈ വാര്‍ഡില്‍ തന്നെയുള്ള ഒരാളെ നിയമിക്കാമെന്ന് ധാരണയാത് ഈ ധാരണയും കൂട്ടായ്മയുമാണ് യു.ഡി.എഫിന്റെ രാഷ്ട്രീയ താല്‍പര്യത്താല്‍ അട്ടിമറിക്കപ്പെട്ടതെന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍ പറഞ്ഞു.

മാസങ്ങള്‍ക്കുമുമ്പ് അങ്കണവാടി വര്‍ക്കര്‍ ആന്‍ഡ് ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവുകളില്‍ കോണ്‍ഗ്രസുകാരനായ കൗണ്‍സിലറുടെ ഭാര്യയെയും മറ്റൊരു കൗണ്‍സിലറുടെ മകളെയും കോണ്‍ഗ്രസ് ലീഗ് നേതാക്കളുടെ ബന്ധുക്കളെയും തിയമിച്ചിരുന്നു. ഭരണസമിതിയുടെ ഈ നടപടിക്കെതിരെ സമരങ്ങളും ജനകീയ പ്രതിഷേധങ്ങളും നടത്തിയിരുന്നു. ടി ചന്തു, മഞ്ജുഷ ചെറുപ്പനാരി, ചെറിയാവി സുരേഷ് ബാബു, റസിയ ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.

Summary: LDF protests by boycotting council meeting in Payyoli Municipal Corporation