ഇനി ആഘോഷങ്ങളുടെയും കലാവിരുന്നിന്റെയും മൂന്നുനാള്‍; പൂക്കാട് കലാലയം സുവര്‍ണ ജൂബിലി ആഘോഷം ആവണിപ്പൊന്നരങ്ങ് കൊടിയേറി
ചേമഞ്ചേരി: പൂക്കാട് കലാലയം സുവര്‍ണ ജൂബിലി അഘോഷ പരിപാടികളുടെ സമാപന പരിപാടിയായ ആവണിപ്പൊന്നരങ്ങിന്റെ കൊടിയേറ്റം നടന്നു. നൂറ് കണക്കിന് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും സാക്ഷിയാക്കി പ്രസിഡണ്ട് യു.കെ.രാഘവന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് കന്മന ശ്രീധരന്‍ മാസ്റ്റര്‍ ജൂബിലി സന്ദേശം നല്‍കി. ചടങ്ങില്‍ അഡ്വ. കെ.ടി.ശ്രീനിവാസന്‍, ശിവദാസ് കാരോളി, ശിവദാസ് ചേമഞ്ചേരി, സുനില്‍ തിരുവങ്ങൂര്‍ എന്നിവര്‍ സംസാരിച്ചു.
1974ലെ പൊന്നോണ നാളിലാണ് കലാലയം സ്ഥാപിക്കപ്പെടുന്നത്. ഇപ്പോള്‍ പൂക്കാട്, ഉള്ള്യേരി കേന്ദ്രങ്ങളിലായി 2500 ലധികം വിദ്യാര്‍ത്ഥികള്‍ കലാപഠനം നടത്തിവരുന്നു. വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന വൈവിധ്യമാര്‍ന്ന കലാപ്രവര്‍ത്തനങ്ങളിലൂടെ നാടിന്റെ സാംസ്‌കാരിക സ്പന്ദനമായി കലാലയം അറിയപ്പെടുന്നു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന നൃത്തോത്സവം, സംഗീതോത്സവം, നാടകോത്സവം, സാഹിത്യോത്സവം, കളി ആട്ടം ഗുരു സ്മരണ ഗ്രാമീണം, ഗാന്ധിസ്മൃതി, വയനാട് നല്ലൂര്‍ നാട് അംബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടത്തിയ വര്‍ണോത്സവം, നാടകപ്രവര്‍ത്തക സംഗമം, പൂര്‍വ്വ വിദ്യാര്‍ഥി സംഗമം മുതലായവ ശ്രദ്ധേയമായ സാംസ്‌കാരിക പരിപാടികളായി.
ഡിസംബര്‍ 23ന് വൈകിട്ട് നടക്കുന്ന ജൂബിലി സമാപന സമ്മേളനം കേന്ദ്ര ന്യൂനപക്ഷ ക്ഷേമ ഫിഷറീസ് വകുപ്പു സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍.എം.പി അധ്യക്ഷത വഹിക്കും. പ്രശസ്ത സിനിമാ താരം സലിം കുമാര്‍ കലോത്സവത്തിന് തിരി തെളിയിക്കും. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച ഡോ എം.ആര്‍ രാഘവവാര്യരെ ആദരിക്കും. ജൂബിലി സ്മാരക മന്ദിരത്തിന്റെ നിര്‍മ്മാണോദ്ഘാടനം കേന്ദ്രമന്ത്രി നിര്‍വ്വഹിക്കും. ഇളയിടത്ത് വേണുഗോപാല്‍ സോവനീര്‍ പ്രകാശിപ്പിക്കും. എം.വി.എസ് പൂക്കാട് ഏറ്റുവാങ്ങും. അഭിനയശിരോമണി രാജരത്നം പിള്ളയുടെ പേരില്‍ ഏര്‍പ്പെടുത്തിയ എന്റോവ്മെന്റ് മികച്ച നൃത്തവിദ്യാര്‍ത്ഥി കുമാരി ആഗ്നയ്ക്ക് നാട്യാചാര്യന്‍ പി.ജി ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ സമര്‍പ്പിക്കും.
25ന് നടക്കുന്ന സമാപന സമ്മേളനം കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കല്‍പ്പറ്റ നാരായണനേയും രാമപ്രഭ പുരസ്‌കാരം നേടിയ എം.കെ.സുരേഷ് ബാബുവിനേയും വേദിയില്‍ ആദരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് കലാലയം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍, സുധ തടവന്‍ കയ്യില്‍, വി.ടി.മുരളി മുതലായവര്‍ പങ്കെടുക്കും. വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ രണ്ടു ദിവസങ്ങളിലായി ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും.
മൂന്നു ദിവസങ്ങളിലും കാലത്ത് 9 മണി മുതല്‍ കലാപരിപാടികള്‍ അരങ്ങേറും. പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ നേതൃത്വം നല്‍കുന്ന മേളകൈരളി ചെണ്ടമേളം കലോത്സവത്തിലെ ആകര്‍ഷക ഇനമാണ്. മുംബൈ, പേരില്ലാ പൂവ്, ഏറ് എന്നീ നാടകങ്ങള്‍ മൂന്നുദിവസങ്ങളിലായി അരങ്ങിലെത്തും. പി.ഭാസ്‌കരന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു കൊണ്ടുള്ള ഗാനമേള, കലിംഗ നര്‍ത്തന തില്ലാന, ലയചക്ര, വര്‍ണതരംഗം മുതലായവയാണ് മറ്റ് വിശേഷാല്‍ പരിപാടികള്‍.