ടോറന്റ് വെബ്‌സൈറ്റുകളില്‍നിന്ന് സിനിമ ഡൗണ്‍ലോഡ് ചെയ്യുന്നവരാണോ? സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും; മുന്നറിയിപ്പുമായി വിദഗ്ധര്‍



കോഴിക്കോട്:
ടോറന്റ് വെബ്‌സൈറ്റുകളില്‍നിന്ന് സിനിമകളും ഡോക്യുമെന്ററികളും സീരിയലുകളും മറ്റും ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ ഇനി സൂക്ഷിക്കണമെന്ന് സുരക്ഷാ വിദഗ്ധര്‍. സിനിമകളും മറ്റും ചോർത്തി അപ്‌ലോഡ് ചെയ്യുന്നതും അത്തരം ഉള്ളടക്കം നിയമപരമല്ലാത്ത വെബ്‌സൈറ്റുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്നതും ഇന്ത്യയില്‍ ശിക്ഷാര്‍ഹമാണെന്നു മാത്രമല്ല, മറ്റു പല രീതിയിലും അത് ഉപയോക്താക്കളെ ബാധിക്കുമെന്നും സൈബര്‍ സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

സിനിമകളുടെ വ്യാജപതിപ്പുകളടക്കം നിയമപരമല്ലാത്ത ഉള്ളടക്കം ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപയോഗിക്കുന്ന എംപി4മൂവിസ് ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്. കൂടാതെ അതു സന്ദർശിക്കുന്നതു പോലും നിയമവിരുദ്ധമാണ്.

ബോളിവുഡ്, ഹോളിവുഡ്, കന്നഡ, തമിഴ്, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളിലുള്ള സിനിമകളുടെ വ്യാജ പതിപ്പുകൾ എച്ഡി ഗുണനിലവാരത്തിൽ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാമെന്നതായിരുന്നു ചെറുപ്പക്കാരെയും മറ്റും ആകർഷിച്ചിരുന്നത്. പക്ഷേ സൈറ്റിന്റെ പ്രവർത്തനങ്ങൾ കർശനമായി നിരീക്ഷിച്ച് നടപടികൾ കടുപ്പിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. അതിൽനിന്ന് സിനിമ ഡൗണ്‍ലോഡ് ചെയ്തു എന്നു കണ്ടെത്തിയാല്‍ ആന്റി-പൈറസി ആക്ട് പ്രകാരം ശിക്ഷ ലഭിക്കും. മാത്രമല്ല നിങ്ങളുടെ കംപ്യൂട്ടറിലും മറ്റും വൈറസ് കയറാനുള്ള സാധ്യതയും ഉണ്ട്.