കേരളമാകെ ശ്രദ്ധിക്കപ്പെട്ട അമേച്വര്‍ നാടക പ്രസ്ഥാനം; സുവര്‍ണജൂബിലി ആഘോഷ നിറവില്‍ കൊയിലാണ്ടി റെഡ് കർട്ടൻ കലാസമിതി
കൊയിലാണ്ടി: കൊയിലാണ്ടിയിലെ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന റെഡ് കർട്ടൻ കലാസമിതി സുവര്‍ണജൂബിലിയുടെ നിറവില്‍. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികള്‍ക്കും കായലാട്ട് രവീന്ദ്രൻ കെ.പി.എ.സിയുടെ പന്ത്രണ്ടാം അനുസ്മരണവും ഡിസംബർ 23ന് കൊയിലാണ്ടിയിൽ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും.
സുവർണ്ണജൂബിലി ആഘോഷ വേളയിൽ പഴയകാല പ്രവർത്തകരുടെ ഒത്തുചേരൽ, വൈവിധ്യമാർന്ന സാംസ്‌കാരിക പരിപാടികൾ, വിദ്യാർത്ഥികൾക്കുള്ള ശില്പശാലകൾ, കൊയിലാണ്ടിയുടെ സാംസ്കാരിക ചരിത്രം ഉൾക്കൊള്ളുന്ന സ്മരണിക തയ്യാറാക്കൽ തുടങ്ങി നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കാനത്തിൽ ജമീല എം.എൽ.എ, ഇ.കെ.വിജയൻ എം.എൽ.എ, നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്, വി.ടി മുരളി തുടങ്ങിയവരും കൊയിലാണ്ടിയിലെ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രതിനിധികളും പങ്കെടുക്കും.
തുടർച്ചയായി സംസ്ഥാന തലത്തിൽ ചെണ്ടമേളത്തില്‍ പങ്കെടുത്ത ജി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളേയും, അവര്‍ക്ക് പരിശീലനം നല്‍കുന്ന കളിപ്പുരയിൽ രവീന്ദ്രനേയും, ഏകാഭിനയ മികവിന് അലി അരങ്ങാടത്തിനേയും ചടങ്ങില്‍ ആദരിക്കും. തുടർന്ന് കബീർ ഇബ്രാഹിം തലശ്ശേരി നയിക്കുന്ന ഗസൽ സന്ധ്യയും അരങ്ങേറും.
1974 ഒക്ടോബറിൽ അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന ഇ.കെ നായനാരാണ് റെഡ് കർട്ടൻ കലാസമിതി ഉദ്ഘാടനം ചെയ്തത്. കൊയിലാണ്ടി ബാറിലെ അഡ്വക്കറ്റുമാരായ പരേതരായ എൻ.കെ.വിജയൻ ജനറല്‍ സെക്രട്ടറിയും, പ്രസിഡണ്ടായി എൻ.വി.ശ്രീധരനുമായിരുന്നു കലാസമിതിയുടെ ആദ്യ ഭാരവാഹികള്‍.
അമേച്വർ നാടക പ്രസ്ഥാനമായി വളർന്ന റെഡ് കർട്ടൻ ശ്രദ്ധേയമായ ഒട്ടനവധി നാടകങ്ങള്‍ അക്കാലത്ത് അരങ്ങിലെത്തിച്ചു. പ്രക്ഷോഭം, അതിരാത്രം, സനാതനം, ശൃംഖല, കാലം മാറുമ്പോൾ തുടങ്ങിയ നാടകങ്ങൾ കേരളത്തിലുടനീളം അവതരിപ്പിച്ചിരുന്നു. പാഞ്ഞാളിൽ അന്നു നടന്നിരുന്ന അതിരാത്രത്തിന്റെ പശ്ചാത്തലത്തിൽ കായലാട്ട് രവീന്ദ്രൻ രചിച്ച് സംവിധാനം ചെയ്ത നാടകം അന്ന് കേരളത്തിൽ സജീവ ചർച്ചയായിരുന്നു.
മാത്രമല്ല കൊയിലാണ്ടിയിലും പരിസരത്തുമുള്ള ഒട്ടേറെ കലാകാരന്മാരെ അരങ്ങിലെത്തിക്കാൻ റെഡ് കർട്ടന് സാധിച്ചിരുന്നു. വില്ലാപ്പള്ളി രാജൻ, പവിത്രൻ. സി.പി രാഘവൻ, കോയച്ചം കണ്ടി രാഘവൻ, വിജയൻ അരങ്ങാടത്ത്, വി.കെ രവി, അബ്ദുളള, അലി അരങ്ങാടത്ത്, രാഗം മുഹമ്മദലി, പികെ ഭരതൻ, ഗീത റീത്ത്, റീന, എൻ.കെ രവീന്ദ്രൻ, കാവും വട്ടം വാസുദേവൻ, കലാലയം രവി തുടങ്ങി നിരവധികലാകാരന്മാർ അരങ്ങിലും അണിയറയിലും ഉള്ളവരായിരുന്നു. കേരള ത്തിലെ പ്രധാന നാടക സംഘങ്ങളുടെ ഒട്ടുമിക്ക നാടകങ്ങളും അക്കാലത്ത് കൊയിലാണ്ടിയിലെ അരങ്ങിലെത്തിക്കാൻ റെഡ് കർട്ടന് കഴിഞ്ഞിരുന്നു.