പെരുവട്ടൂര്‍ ചാലോറയില്‍ നിന്നും മണ്ണെടുക്കാനായി റോഡ് നിർമ്മാണ പ്രവൃത്തി തുടങ്ങി; പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം
കൊയിലാണ്ടി: പെരുവട്ടൂര്‍ കോട്ടക്കുന്ന്- ചാലോറ മലയില്‍ നിന്നും മണ്ണെടുക്കുന്നതിനായി റോഡ് നിര്‍മ്മിക്കാനുള്ള പ്രവൃത്തി തുടങ്ങി. വന്‍പൊലീസ് സന്നാഹത്തോടെയാണ് പ്രവൃത്തി പുരോഗമിക്കുന്നത്. ഡി.വൈ.എസ്.പി ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി സി.ഐ, ചോമ്പാല സി.ഐമാരുടെ നിയന്ത്രണത്തിലാണ് ഇവിടം. ജെ.സി.ബി ഉപയോഗിച്ച് റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങി.
ദേശീയപാത വികസനത്തിന്റെ ഭാഗമായി വാഗാഡ് കമ്പനിയ്ക്കുവേണ്ടി അവര്‍ ചുമതലപ്പെടുത്തിയ ഒരു ഏജന്‍സിയാണ് ചാലോറ മലയില്‍ നിന്നും മണ്ണെടുക്കാന്‍ നീക്കം നടത്തുന്നത്. നേരത്തെ നിരവധി തവണ ഇതിനെതിരെ പ്രതിഷേധമുയര്‍ന്നതോടെ സംഘം മണ്ണെടുക്കാനുള്ള നീക്കം ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. പ്രദേശത്തെ 80 സെന്റ് വരുന്ന ഭൂമി നാല് സ്വകാര്യ വ്യക്തികളില്‍ നിന്നായി ഈ ഏജന്‍സി വാങ്ങുകയും ഇവിടെ നിന്നും അന്‍പതിനായിരം ക്യുബിക് ടണ്‍ മണ്ണ് എടുക്കാനുള്ള ജിയോളജി വകുപ്പില്‍ നിന്നും അനുമതി നേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മണ്ണെടുക്കാന്‍ നീക്കം നടന്നെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു.
നിലവില്‍ മണ്ണെടുക്കാന്‍ ശ്രമം നടക്കുന്ന സ്ഥലത്തിന് സമീപത്തായി നാല് കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവരുള്‍പ്പെടെയുള്ള നാട്ടുകാര്‍ വലിയ ആശങ്കയിലാണ്. ഇതിനെതിരെ നഗരസഭയ്ക്കും, കലക്ടര്‍ക്കും വില്ലേജ് അധികൃതര്‍ക്കുമെല്ലാം പരാതി നല്‍കിയെങ്കിലും ഒരിക്കല്‍പ്പോലും പ്രദേശവാസികളുടെ ആശങ്ക അറിയാനോ പരിഹരിക്കാനോ ഉള്ള ശ്രമങ്ങള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും പ്രദേശത്തെ ചാലോറ ക്ഷേത്ര ആചാരത്തിനും ഭീഷണിയാകുന്ന മണ്ണെടുക്കലിനെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാണ്. പെരുവട്ടൂര്‍ പതിമൂന്നാം വാര്‍ഡിലെ കോട്ടക്കുന്ന്- ചാലോറ മലയിലാണ് പ്രദേശത്ത് വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാവുന്ന മണ്ണെടുക്കലിന് നീക്കം നടക്കുന്നത്. ചാലോറ മലയില്‍ നിന്നും മണ്ണെടുക്കുന്നത് പ്രദേശത്തെ ജനങ്ങളെ ഏതു രീതിയില്‍ ബാധിക്കും എന്ന് പരിശോധിക്കാതെയാണ് വാഗാഡ് കമ്പനിയും അധികൃതരും നടപടികളുമായി മുന്നോട്ടുപോകുന്നത് എന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.
പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും പ്രദേശത്തെ ചാലോറ ക്ഷേത്ര ആചാരത്തിനും ഭീഷണിയാകുന്ന മണ്ണെടുക്കലിനെതിരെ ഒട്ടനവധി സമരമുഖങ്ങളുമായി മുന്നോട്ടുപോകാനാണ് ജനകീയ സമിതി തീരുമാനിച്ചത്. ഇതിന്റെ മുന്നോടിയായി പ്രദേശവാസികളുടെ നേതൃത്വത്തില്‍ സമരപന്തല്‍ നിര്‍മിച്ചു പ്രതിഷേധിച്ചിരുന്നു. ചാലോറ മലയില്‍ നിന്നും മണ്ണെടുത്ത് തുടങ്ങിയാല്‍ പ്രദേശത്ത് ഉരുള്‍പൊട്ടലും ഉണ്ടാവാന്‍ സാധ്യതയുണ്ട് എന്നാണ് ജനങ്ങളുടെ ഭയം.
Summary: The local residents are ready to block the move to take soil from Peruvatur Chalora again; Heavy police presence in the area