പാലക്കാട്ടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കോഴിക്കോടും സുരക്ഷ ശക്തമാക്കി; സാമൂഹ്യമാധ്യമങ്ങളും നിരീക്ഷണത്തില്‍


കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളിലായി പാലക്കാട് ജില്ലയില്‍ നടന്ന രണ്ട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കോഴിക്കോടും സുരക്ഷ ശക്തമാക്കിയതായി സിറ്റി പൊലീസ് കമ്മീഷണര്‍. വാഹന പരിശോധന ഇന്നലെ മുതല്‍ കാര്യക്ഷമമായി നടത്തുന്നുണ്ട്. സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലുള്ള എന്തെങ്കിലും പ്രവൃത്തി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അതിശക്തമായ നടപടിയുണ്ടാകും. സാമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷിക്കാനും പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ ഡി.ഐ.ജി എ.അക്ബര്‍ പറഞ്ഞു.

വെള്ളിയാഴ്ചയാണ് പാലക്കാട് എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത്. കുപ്പിയോട് സ്വദേശി സുബൈര്‍ ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയായിരുന്നു സംഭവം. പള്ളിയില്‍നിന്ന് ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കില്‍ വരികയായിരുന്നു സുബൈര്‍. കാറിലെത്തിയ സംഘമാണ് സുബൈറിനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

ഇതിന് ശേഷം 24 മണിക്കൂര്‍ തികയുന്നതിന് മുമ്പാണ് ഇന്നലെ ഉച്ചയോടെ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നത്. ആര്‍.എസ്.എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയില്‍ വെച്ച് ഇന്ന് ഉച്ചയോടെയാണ് ശ്രീനിവാസന് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പാലക്കാട് ജില്ലയിലുണ്ടായ കൊലപാതകങ്ങള്‍ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രകോപന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് നേരത്തേ അറിയിച്ചിരുന്നു. ഗ്രൂപ്പുകളും ഗ്രൂപ്പ് അഡ്മിന്മാരും നിരീക്ഷണത്തിലാണെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. എല്ലാത്തരം സമൂഹമാധ്യമങ്ങളിലും 24 മണിക്കൂറും സൈബര്‍ പട്രോളിംഗ് നടത്താന്‍ സൈബര്‍ഡോം, ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ പോലീസ് സ്റ്റേഷന്‍ എന്നിവയ്ക്ക് ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.