ഗൃഹപ്രവേശനത്തിനിടെ പാട്ട് വെച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം; കീഴരിയൂരില്‍ ലഹരിമാഫിയ സംഘം വീടുകയറി അക്രമിച്ചതായി പരാതി, മൂന്ന് പേര്‍ക്ക് പരിക്ക്,സി.പി.എം പ്രതിഷേധ പ്രകടനം നടത്തി
കീഴരിയൂര്‍: കീഴരിയൂരില്‍ ലഹരി മാഫിയ സംഘം മൂന്ന് പേരെ അക്രമിച്ചതായി പരാതി. സി.പി.ഐ (എം) ലോക്കൽ കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയുമായ നികേഷ്, സുനില്‍, അയല്‍വാസി വിപിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നികേഷിനും സുനിലിനും തലയ്ക്കാണ് പരിക്ക്. അക്രമത്തില്‍ വിപിന്റെ വലത് കൈയുടെ എല്ല് പൊട്ടിയിട്ടുണ്ട്.
കീഴരിയൂർ ഫ്രീഡം ഫൈറ്റേഴ്സ് സ്റ്റേഡിയത്തിന് സമീപത്തെ സുനിലിന്റെ വീട്ടില്‍ രാത്രി 11മണിയോടെയാണ് സംഭവം. പഞ്ഞാട്ട് സുനില്‍ എന്നയാളുടെ ബന്ധുവിന്റെ ഗൃഹപ്രവേശനമായിരുന്നു ഇന്നലെ. ഇതിന്റെ ഭാഗമായി രാത്രി വീട്ടില്‍ പാട്ട് വെച്ചിരുന്നു. പാട്ട് വെക്കുന്നതുമായി ബന്ധപ്പെട്ട് അവിടെയത്തിയ ആളുകള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഉടന്‍ തന്നെ സുനിലും ബന്ധുക്കളും തര്‍ക്കത്തില്‍ ഇടപെടുകയും ഇവരെ പിടിച്ചുമാറ്റിയെന്നുമാണ് പറയുന്നത്.
ഇതിന്റെ വൈരാഗ്യത്തിലാണ് അക്രമിസംഘം സുനിലിന്റെ വീട്ടില്‍ കയറി അക്രമം നടത്തിയത് എന്നാണ് വിവരം. സുനിലിന്റെ ശബ്ദം കേട്ട് വീട്ടിലേക്ക് ഓടിയെത്തിയതാണ് നികേഷും, വിപിനും. തുടര്‍ന്ന് സുനിലിനെ രക്ഷിക്കുന്നതിനിടെയാണ് മാരകആയുധങ്ങള്‍ ഉപയോഗിച്ച് ഇരുവരെയും അക്രമിസംഘം അക്രമിച്ചത് എന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസ് എടുത്തതായാണ് വിവരം.
സംഭവത്തില്‍ സി.പി ഐ. (എം) ലോക്കൽ കമ്മറ്റി ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. കീഴരിയൂരിലെ പൊതു സമൂഹത്തിന് വെല്ലുവിളിച്ചു കൊണ്ടു അഴിഞ്ഞാടുന്ന ലഹരി മാഫിയ സംഘങ്ങളെ പ്രതിരോധിക്കുമെന്നും ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പാക്കാൻ ആവശ്യമായ ഇടപെടൽ ഉണ്ടാകുമെന്നും ലോക്കൽ സെക്രട്ടറി പി.സത്യൻ പ്രസ്താവനയിൽ പറഞ്ഞു. പ്രതിഷേധ പ്രകടനത്തിന് പി.കെ ബാബു, ഐ സജീവന്‍, എം.സുരേഷ്, ലിനീഷ് പി.എം എന്നിവര്‍ നേതൃത്വം നല്‍കി
Description: a group of drug mafia broke into a house and attacked in Keezhriyur