‘ഇത് കായിക കഥ’; കേരളത്തിന്റെ കായിക ചരിത്രം പറയുന്ന ഫോട്ടോവണ്ടിയുടെ പര്യടനത്തിന് പയ്യോളിയില്‍ തുടക്കമായി
പയ്യോളി: കായിക കേരളത്തിന്റെ അപൂര്‍വ്വ ചിത്രങ്ങളുടെ പ്രദര്‍ശനം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഫോട്ടോവണ്ടി പര്യടനം ആരംഭിച്ചു. ഒളിമ്പ്യന്‍ പി.ടി. ഉഷയുടെ ജന്മനാടായ പയ്യോളിയില്‍ നിന്നാരംഭിച്ച ഫോട്ടോ വണ്ടിയുടെ ഫ്ളാഗ് ഓഫ് പൊതുമരാമത്ത്-ടൂറിസം വകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കായിക മേളയുടെ വിളംബരത്തിനും കായിക ചരിത്ര അവബോധത്തിനും ഫോട്ടോവണ്ടിയുടെ യാത്ര സഹായകമാകുമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഇനിയുള്ള ദിവസങ്ങളില്‍ തലസ്ഥാനം സാക്ഷ്യംവഹിക്കാന്‍ പോകുന്ന ആഘോഷങ്ങളുടെ തുടക്കം മാത്രമാണിത്. പി.ടി ഉഷയുടെ നാടായതിനാലാണ് പയ്യോളിയില്‍ നിന്ന് ഫോട്ടോവണ്ടിയുടെ പര്യടനം ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രഥമ കേരള ഗെയിംസിനോടനുബന്ധിച്ചാണ് ഫോട്ടോ വണ്ടി പര്യടനം നടത്തുന്നത്. കേരള കായിക രംഗത്തിന്റെ കുലപതി ജി.വി. രാജയുടെ ചിത്രം മുതല്‍, രാജ്യത്തിന് കേരളം സംഭാവന ചെയ്ത ഏക്കാലത്തെയും മികവുറ്റ താരം ഒളിമ്പ്യന്‍ പി.ടി ഉഷയുടെ ചിത്രമടക്കം സംസ്ഥാനത്തിന്റെ കായിക ഭൂപടത്തില്‍ ഒഴിച്ചു നിര്‍ത്താന്‍ കഴിയാത്ത ഒരുപിടി താരങ്ങളുടെ അപൂര്‍വ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കായികതാരങ്ങളുടെയും കായികയിനങ്ങളുടെയും മികവുറ്റ ചിത്രങ്ങള്‍ പകര്‍ത്തിയ പത്രഫോട്ടോഗ്രാഫര്‍മാരുടെ അവിസ്മരണീയ ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്.
ജില്ലയില്‍ പയ്യോളിയിലെയും വടകരയിലെയും പര്യടനത്തിന് ശേഷം വണ്ടി കണ്ണൂരിലേക്ക് പോകും. 13 ദിവസങ്ങളിലായി കേരളത്തിലെ 14 ജില്ലകളിലൂടെ കടന്നുപോകുന്ന ഫോട്ടോ വണ്ടിയുടെ പര്യടനം ഏപ്രില്‍ 28ന് തിരുവനന്തപുരത്ത് സമാപിക്കും. കേരള മീഡിയ അക്കാദമി, കേരള പത്രപ്രവര്‍ത്തക യൂണിയന്, കേരള ഒളിമ്പിക് അസോസിയേഷന് എന്നിവയുടെ സഹകരണത്തോടെയാണ് പ്രദര്‍ശനപര്യടനം സംഘടിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ 30 ന് തിരുവനന്തപുരം എന്‍ജിനീയേഴ്സ് ഹാളില്‍ അന്താരാഷ്ട്ര ഫോട്ടോ എക്സിബിഷനും തുടക്കമാകും.
കോഴിക്കോട് പ്രസ് ക്ലബ് സെക്രട്ടറി ഫിറോസ്ഖാന് അധ്യക്ഷത വഹിച്ചു. ഒളിമ്പ്യന്‍ പി.ടി ഉഷ, എം.എല്‍.എ കാനത്തില്‍ ജമീല എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് കെ.ടി ജോസഫ് വിശിഷ്ടാതിഥികളെ ആദരിച്ചു. കായികതാരം കിഷോര്‍ കുമാര്‍, കേരള പത്രപ്രവര്‍ത്തക യുണിയന്‍ മുന്‍പ്രസിഡന്റ് കമാല്‍ വരദൂര്‍, പയ്യോളി നഗരസഭ ചെയര്മാന് വടക്കയില്‍ ഷഫീഖ്, നഗരസഭാംഗം കെ.ടി വിനോദ് എന്നിവര്‍ പങ്കെടുത്തു. ജില്ലാ ഒളിമ്പിക് അസോസിയേഷന് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. റോയ് ജോണ്‍ സ്വാഗതവും സെക്രട്ടറി സി സത്യന് നന്ദിയും പറഞ്ഞു.