നാട്ടുകാര്‍ക്ക് ഭീഷണിയായി ഉള്ള്യേരി കൊയക്കാട് കാരടി ക്ഷേത്രത്തിന് സമീപത്തുള്ള തെങ്ങിലെ വലിയ തേനീച്ചക്കൂട്; ഒമ്പതുപേര്‍ക്ക് കാട്ടുതേനീച്ചയുടെ കുത്തേറ്റു


ഉള്ള്യേരി: കൊയക്കാട് കാരടി ക്ഷേത്രത്തിന് സമീപമുള്ള തെങ്ങിലെ വലിയ തേനീച്ചക്കൂട് നാട്ടുകാര്‍ക്ക് ഭീഷണിയാവുന്നു. ഇതിനകം നാട്ടുകാരായ നിരവധി പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. കഴിഞ്ഞദിവസം ഒമ്പതുപേര്‍ക്കാണ് തേനീച്ചയുടെ ആക്രമണമേറ്റത്.

വലിയ കുന്നോത്ത് നാരായണന്‍ (70), ഭാര്യ ദേവി (62), നെരോത്ത് സദാനന്ദന്‍ (68), ഭാര്യ രത്‌നോദയ (54), നടുവിലക്കണ്ടി ശരത്ത് (28), കാരടി ഉണ്ണിക്കൃഷ്ണന്‍ (74), ആതകശ്ശേരി താഴെ ശ്രീരാഗ് (21), കൊളോത്ത് ഉണ്ണിനായര്‍ (72), കൊളങ്കര കുനിയില്‍ സജിത്ത് (36) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂടുതല്‍ കുത്തേറ്റവര്‍ക്ക് ഛര്‍ദി, തലേവദന, തലകറക്കം തുടങ്ങിയ അസ്വസ്ഥതകളുമുണ്ടായി. ആരുടെയും നില ഗുരുതരമല്ല. ഞായറാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. തെങ്ങില്‍ നിന്നും പെരുന്തേനീച്ച കൂട്ടത്തോടെ പറന്ന് വന്ന് റോഡിലൂടെ യാത്ര ചെയ്തവരെയും വീട്ടുവരാന്തയിലിരുന്നവരെയും ആക്രമിക്കുകയായിരുന്നു.