ദേശീയപാതയ്ക്ക് കൊയിലാണ്ടിയില്‍ ഭൂഗര്‍ഭപാത, രാമനാട്ടുകര മുതല്‍ വെങ്ങളം വരെ ഏഴ് മേല്‍പ്പാലങ്ങള്‍; കൊയിലാണ്ടിയിലെയും കൊല്ലത്തെയും ഗതാഗതക്കുരുക്ക് പഴങ്കഥയാവും
കൊയിലാണ്ടി: ദേശീയപാത 66 നെ ആറ് വരിയായി വികസിപ്പിക്കുന്ന പ്രവൃത്തി അതിദ്രുതമാണ് ജില്ലയില്‍ പുരോഗമിക്കുന്നത്. രാമനാട്ടുകര മുചല്‍ വെങ്ങളം വരെയുള്ള ഭാഗങ്ങളില്‍ മേല്‍പ്പാലങ്ങളും ജങ്ഷനുകളുമൊഴികെയുള്ള ഇടങ്ങളില്‍ റോഡ് പണി ടാറിങ്ങിനുള്ള അവസാനഘട്ടത്തിലാണ്. ഓവുചാലുകളുടെയും റോഡിന്റെ അതിരിലെ കോണ്‍ക്രീറ്റ് ബീമുകളുടെയും പണി ഏറെക്കൂറെ പൂര്‍ത്തിയായി.
ദേശീയപാതയില്‍ ജില്ലയിലെ പ്രധാന കുരുക്ക് കൊയിലാണ്ടിയിലെതാണ്. തിരക്കുള്ള സമയങ്ങളില്‍ കിലോമീറ്ററുകളോളമാണ് കൊയിലാണ്ടി നഗരത്തില്‍ വാഹനങ്ങളുടെ നീണ്ടനിര ഉണ്ടാകാറ്. എന്നാല്‍ നഗരത്തെ അപ്പാടെ ഒഴിവാക്കിയാണ് ദേശീയപാതയുടെ ചെങ്ങോട്ടുകാവ്-നന്തി ബൈപ്പാസ് വരുന്നത്.
ആറ് വരിയില്‍ സര്‍വ്വീസ് റോഡുകളോടെ ഒരുങ്ങുന്ന ബൈപ്പാസിന് കൊയിലാണ്ടി കോമത്ത്കരയില്‍ ഭൂഗര്‍ഭപാതയാണ് നിര്‍മ്മിക്കുന്നത്. ഇതിന് പുറമെ കോഴിക്കോട് മലാപ്പറമ്പിലും വേങ്ങേരിയിലും ഭൂഗര്‍ഭപാതയാണ് ഒരുങ്ങുന്നത്.
രാമനാട്ടുകര മുതല്‍ വെങ്ങളംവരെയുള്ള 28.4 കിലോമീറ്ററില്‍ ഏഴ് മേല്‍പ്പാലങ്ങളാണ് നിര്‍മ്മിക്കുന്നത്. കോഴിക്കോട് ബൈപ്പാസില്‍ രാമനാട്ടുകര മുതല്‍ പന്തീരാങ്കാവ് വരെയുള്ള ഭാഗത്തും വേങ്ങേരിക്കടുത്ത് കുണ്ടുപറമ്പിലും മൊകവൂരിലുമെല്ലാം റോഡ് കോണ്‍ക്രീറ്റ് അവസാനഘട്ടത്തിലാണ്. വൈകാതെ അതുവഴി വാഹനങ്ങള്‍ കടത്തിവിടും. രാമനാട്ടുകര മുതല്‍ പൂളാടിക്കുന്ന് വരെ കാല്‍നടയാത്രക്കാര്‍ക്ക് മുറിച്ചുകടക്കാനുള്ള അടിപ്പാതകളുടെ നിര്‍മാണം പലയിടത്തും തുടങ്ങിയിട്ടുണ്ട്.
പുറക്കാട്ടിരിയില്‍ പുതിയ പാലത്തിനുള്ള പൈലിംഗ് നടക്കുന്നു. ബൈപ്പാസ് പിന്നിട്ട് വെങ്ങളം ജംഗ്ഷനിലെത്തുമ്പോള്‍ ആറുവരിപ്പാതയുടെ പ്രാരംഭനടപടികളാണ് കാണാനാവുക. തിരുവങ്ങൂര്‍ ഉള്‍പ്പെടെയുള്ളയിടങ്ങളില്‍ റോഡിനായി കെട്ടിടങ്ങളൊക്കെ പൊളിച്ചുമാറ്റിയിട്ടുണ്ട്. ചിലയിടങ്ങളില്‍ പൊളിച്ചതിന്റെ ബാക്കി ശേഷിക്കുന്നുണ്ട്. മുറിച്ചിട്ട മരങ്ങളുമുണ്ട്. ചെങ്ങോട്ട്കാവുവരെ ഇത്തരം കാഴ്ചകളാണ്.
പയ്യോളി ടൗണ്‍ പിന്നിട്ട് അയനിക്കാട് എത്തുമ്പോഴാണ് പ്രവൃത്തിയുടെ പുരോഗതി മനസിലാവുക. രണ്ടുവരിപ്പാത അവിടെ വിശാലമായ റോഡായി മാറിക്കഴിഞ്ഞു. വടകര ഭാഗത്തെത്തിയാല്‍ മൂരാട് പുതിയ പാലംപണിയും അതിവേഗം പുരോഗമിക്കുന്നുണ്ട്. കുരുക്കുകളില്‍ ഞെരുങ്ങി അമരുന്ന മൂരാട് പഴയ പാലത്തിനുപകരം പുതിയപാലം വര്‍ഷങ്ങളായുള്ള ജനങ്ങളുടെ മുറവിളിയായിരുന്നു. പുതിയ പാലം യാഥാര്‍ത്ഥ്യമാവുന്നതോടെ അതിന് പരിഹാരമാവും.
മൂരാട് കഴിഞ്ഞാല്‍ പാലോളിപ്പാലത്തും കരിമ്പനപ്പാലത്തുമെല്ലാം അതിവേഗമാണ് നിര്‍മാണം നടക്കുന്നത്. ഓരോ റീച്ചും വ്യത്യസ്ത കമ്പനികള്‍ക്ക് കരാര്‍ നല്കിയതിനാല് മത്സരാടിസ്ഥാനത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. രാമനാട്ടുകര മുതല്‍ അഴിയൂര്‍ വരെ ബൈപ്പാസ് പണിപൂര്‍ത്തിയായാല്‍ കാഴിക്കാട്-കണ്ണൂര്‍ റൂട്ടിലെ യാത്രാ ദുരിതത്തിന് ശാശ്വതമായ പരിഹാരമാവും.