സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കാനുള്ള ശ്രമങ്ങളില്‍ പങ്കുചേര്‍ന്ന് ഏക്കാട്ടൂരുകാരുടെ അങ്കണവാടി; ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പെയ്ന് സംഘടിപ്പിച്ചു
അരിക്കുളം: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിന് ഐക്യരാഷ്ട്ര സഭ നടപ്പിലാക്കുന്ന ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന് ഏക്കാട്ടൂര്‍ മാതൃകാ അങ്കണവാടിയില്‍ സംഘടിപ്പിച്ചു. സാംസ്കാരിക പ്രവര്ത്തകന് മോഹന്‍ദാസ് ഏക്കാട്ടൂര്‍ ഉദ്ഘാടനം ചെയ്തു.
സമൂഹം എത്ര പുരോഗമിച്ചിട്ടും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. ഇതിനെ ചെറുത്തു തോല്‍പ്പിക്കണം. ആണ്‍കുട്ടികളെ പോലെ പെണ്‍കുട്ടികള്‍ക്കും തുല്യ നീതിയും അവസരങ്ങളും നല്കി അത്മാഭിമാനം ഉള്ളവരായി വളര്‍ത്തുകയെന്നത് രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണ്. ശോഭയുള്ളതും ശുഭാപ്തിവിശ്വാസമുള്ളതുമായ നിറമെന്ന നിലയില്‍, ഓറഞ്ച് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങളില്‍ നിന്ന് മുക്തമായ ഭാവിയെ പ്രതിനിധീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അങ്കണവാടി വര്‍ക്കര്‍ കെ.എം.സൗമിനി അധ്യക്ഷത വഹിച്ചു. സാജിദ് അഹമ്മദ്, അനുപമ.ഡി.എസ്, സുനിത.കെ.പി, ചന്ദ്രിക.വി.കെ, ശാന്ത.വി.പി, സഫ്നിയ.കെ.കെ, ഷക്കീന.ഇ.കെ എന്നിവര്‍ പങ്കെടുത്തു.
കേരള സര്‍ക്കാര്‍ വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായ നവംബര്‍ 25 മുതല്‍ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 വരെ 16 ദിവസം നീണ്ടു നില്ക്കുന്ന ഓറഞ്ച് ദ വേള്‍സ് ക്യാമ്പയിന് സംഘടിപ്പിക്കുന്നത്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍, ഗാര്‍ഹീകപീഡനം, പൊതു ഇടങ്ങളിലെ പീഡനം, ലിംഗ വിവേചനം, സ്ത്രീധനപീഡനം, ശൈശവവിവാഹം, ദുരാചാരങ്ങള്‍ തുടങ്ങിയവ സമൂഹത്തില്‍ നിന്നും ഇല്ലാതാക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.